ഷിരൂർ ദൗത്യം; ഡ്രഡ്ജർ രാവിലെ എട്ടോടെ എത്തിച്ച് തെരച്ചിൽ തുടങ്ങും
Friday, September 20, 2024 1:11 AM IST
ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിനായി വെള്ളിയാഴ്ച ഡ്രഡ്ജർ ഷിരൂരിലെത്തിക്കും. വെള്ളിയാഴ് രാവിലെ എട്ടോടെ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം.
ഇന്ന് രാത്രിയിൽ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ കരയ്ക്കടിപ്പിച്ചു. പുഴയിലെ ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ രാത്രി ഡ്രഡ്ജർ കൊണ്ടുവരില്ല.
യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾക്ക് നടുവിലുള്ള സ്ഥലത്ത് ഡ്രഡ്ജർ കരയ്ക്കടിപ്പിക്കുകയായിരുന്നു. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.
രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. നാവിക സേനയുടെ മേൽനോട്ടത്തോടെയാണ് ഡ്രഡ്ജറിന്റെ പ്രവർത്തനം.