ബംഗ്ലാദേശിനെതിരായ ടെസ്റ്റ്; ഇന്ത്യ പിടിമുറുക്കുന്നു
Friday, September 20, 2024 5:48 PM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. സ്കോർ: ഇന്ത്യ: 376,81/3 ബംഗ്ലാദേശ് 149.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റൺസിന് മറുപടി പറഞ്ഞ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 149 റൺസിൽ എല്ലാവരും പുറത്തായി. 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇപ്പോൾ 308 റൺസ് ലീഡായി.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ(86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റണ്‍സെടുത്തു. അശ്വിന് 113 റണ്‍സെടുത്താണ് മടങ്ങിയത്.
ജസ്പ്രീത് ബുംറ ഏഴ് റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് അഞ്ചും ടസ്കിന് അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്സ്വാള്‍ (10), വിരാട് കോഹ്ലി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റിഷഭ് പന്ത് (12), ശുഭ്മാന്‍ ഗില്‍ (33) എന്നിവരാണ് ക്രീസില്‍.