ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് വീണു; 149 റൺസിനു പുറത്ത്
Friday, September 20, 2024 3:40 PM IST
ചെന്നൈ: ഒടുവിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് തകർന്നുവീണു. ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 376 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് വെറും 149 റൺസിനു പുറത്തായി. ഇന്ത്യയ്ക്ക് 227 റൺസിന്റെ ലീഡ്.
ബംഗ്ലാദേശിന്റെ ബൗളിംഗ് ആക്രമണത്തിന് അതേ നാണയത്തിലാണ് ഇന്ത്യൻ പേസർമാർ ചെപ്പോക്കിൽ മറുപടി നല്‍കിയത്. ജസ്പ്രീത് ബുമ്ര നാലുവിക്കറ്റ് പിഴുതപ്പോൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (രണ്ട്) ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വെടിയുണ്ടപോലെയെത്തിയ പന്ത് ഷദ്മാൻ ലീവ് ചെയ്തെങ്കിലും വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
പിന്നീട് സാക്കിർ ഹസനും നായകൻ നജ്മുൾ ഹുസൈൻ ഷാന്റോയും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കവേയാണ് ആകാശ് ദീപിന്റെ മാസ്മരിക ഓവർ എത്തിയത്. തന്റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സാക്കിര്‍ ഹസനെയും(മൂന്ന്), മോമിനുള്‍ ഹഖിനെയും (പൂജ്യം) ക്ലീന്‍ ബൗള്‍ഡാക്കിയ ആകാശ് ദീപ് ഇന്ത്യയ്ക്ക് ഡബിൾ ബ്രേക്ക്ത്രൂ സമ്മാനിച്ചു.
ലഞ്ചിനുശേഷം നജ്മുള്‍ ഹുസൈന് ഷാന്റോയെ (20) മുഹമ്മദ് സിറാജ് കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ സ്കോർ 40 റൺസിൽ നില്‍ക്കെ മുഷ്ഫിഖുർ റഹീമിനെ (എട്ട്) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബുമ്ര വീണ്ടും പ്രഹരമേല്പിച്ചു.
അഞ്ചുവിക്കറ്റ് വീണതോടെ ക്രീസിൽ ഒന്നിച്ച ഷക്കിബ് അൽ ഹസനും ലിറ്റൺ ദാസും പ്രതിരോധത്തിലേക്കു വലിഞ്ഞു. ഇരുവരും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ സ്കോർ 91 റൺസിൽ നില്‍ക്കെ ലിറ്റൺ ദാസിനെയും (22) പിന്നാലെ ഷാക്കിബിനെയും (32) പുറത്താക്കി ജഡേജ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് ബുമ്ര വീണ്ടും എത്തിയതോടെ എല്ലാം പെട്ടെന്ന് അവസാനിച്ചു. ഹസൻ മഹ്മൂദിനെയും (ഒമ്പത്), ടസ്കിൻ അഹമ്മദിനെയും (11) നിലയുറപ്പിക്കാനാകുംമുമ്പേ മടക്കി. അവസാന വിക്കറ്റായി നാഹിദ് റാണയെ (11) മുഹമ്മദ് സിറാജും പുറത്താക്കിയതോടെ ബംഗ്ലാദേശ് പതനം പൂർത്തിയായി. അതേസമയം, ഒരറ്റത്ത് മെഹിദി ഹസൻ മിറാസ് (27) പുറത്താകാതെ നിന്നു.
നേരത്തെ ആദ്യഇന്നിംഗ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് 83 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിന് അഹമ്മദ് 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.