24 നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും; ഹരിയാനയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
Thursday, September 19, 2024 11:00 PM IST
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. റോഹ്തക്കില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എഞ്ചിനിയറിംഗ് കോളജുകളില്‍ പഠിക്കുന്ന എസ്സി, ഒബിസി വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കോളജുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്കൂട്ടറും നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.
അഗ്നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. 24 നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ബിജെപി ഭരണകാലത്ത് ഹരിയാന പുരോഗതിയുടെ പാതയിലാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു. ഹരിയാനയില്‍ വന്‍ മാറ്റമുണ്ടായി. അവ ഇപ്പോള്‍ ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും, കര്‍ഷകര്‍ക്കും ദരിദ്ര ജനവിഭാഗത്തിനും മുന്‍ഗണന നല്‍കുന്നതാണ് പ്രകടനപത്രികയെന്നും ചടങ്ങിന് മുന്‍പായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നായബ് സിംഗ് സൈനി, കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടാര്‍, റാവു ഇന്ദര്‍ജിത്ത് സിംഗ്, കെ.പി. ഗുര്‍ജാര്‍ എന്നിവരും പങ്കെടുത്തു.