അടിക്ക് തിരിച്ചടിയുമായി ഇന്ത്യൻ പേസർമാർ; ബംഗ്ലാദേശ് അഞ്ചിന് 40
Friday, September 20, 2024 12:59 PM IST
ചെന്നൈ: ബംഗ്ലാദേശിന്റെ ബൗളിംഗ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി നല്കി ഇന്ത്യ. ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ബാറ്റിംഗ് തകര്‍ച്ചയെ നേരിടുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം ലഞ്ചിനു ശേഷം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലാണ്. നാലു റണ്ണുമായി ഷക്കിബ് അല്‍ ഹസനും റണ്ണൊന്നുമെടുക്കാതെ ലിറ്റണ്‍ ദാസുമാണ് ക്രീസില്‍.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (രണ്ട്) ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വെടിയുണ്ടപോലെയെത്തിയ പന്ത് ഷദ്മാൻ ലീവ് ചെയ്തെങ്കിലും വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
പിന്നീട് സാക്കിർ ഹസനും നായകൻ നജ്മുൾ ഹുസൈൻ ഷാന്റോയും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കവേയാണ് ആകാശ് ദീപിന്റെ മാസ്മരിക ഓവർ എത്തിയത്. തന്റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സാക്കിര്‍ ഹസനെയും(മൂന്ന്), മോമിനുള്‍ ഹഖിനെയും (പൂജ്യം) ക്ലീന്‍ ബൗള്‍ഡാക്കിയ ആകാശ് ദീപ് ഇന്ത്യയ്ക്ക് ഡബിൾ ബ്രേക്ക്ത്രൂ സമ്മാനിച്ചു.
ലഞ്ചിനുശേഷം നജ്മുള്‍ ഹുസൈന് ഷാന്റോയെ (20) മുഹമ്മദ് സിറാജ് കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ സ്കോർ 40 റൺസിൽ നില്‍ക്കെ മുഷ്ഫിഖുർ റഹീമിനെ (എട്ട്) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബുമ്ര വീണ്ടും പ്രഹരമേല്പിച്ചു.
നേരത്തെ ആദ്യഇന്നിംഗ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് 83 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിന് അഹമ്മദ് 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.