ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ
Saturday, September 21, 2024 3:55 AM IST
ഷാർജ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഷാർജയിൽ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. പരന്പരയിലെ രണ്ടാം മത്സരം കൂടി വിജയിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ ഏകദിന പരന്പര സ്വന്തമാക്കിയത്. 177 റൺസിനാണ് രണ്ടാം മത്സരത്തിൽ അഫ്ഗാൻ വിജയിച്ചത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനാസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. സെഞ്ചുറി നേടിയ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെയും അർധ സെഞ്ചുറി നേടിയ അസ്മത്തുള്ളയുടെയും റഹ്മത് ഷായുടെയും മികവിലാണ് അഫ്ഗാൻ മികച്ച സ്കോർ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസ് നേടാനെ സാധിച്ചുള്ളു. 34.2 ഓവറിൽ അവർ ഓൾഔട്ടായി. നായകൻ ബാവുമയ്ക്കും ടോണി ഡെ സോർസിക്കും എയ്ഡൻ മാർക്രത്തിനും മാത്രമാണ് പിടിച്ചുനിൽക്കാനായത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും നാല് പേരെ പവലിയനിലേക്ക് മടക്കിയ നംഗിയലിയ ഖരോട്ടെയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.