ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
Thursday, May 9, 2024 5:16 AM IST
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടകളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങൾക്കായി രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ 10 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് പരിശോധന നടത്തിയത്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേരെ വീതവും രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് പിടിയിലായത്.
ജസ്പ്രീത് സിംഗ് എന്ന രാഹുൽ, ധർമേന്ദ്ര എന്ന കാർത്തിക്, മൻജീത്, ഗുർപാൽ സിംഗ്, മഞ്ജീത് സിംഗ് ഗുരി, അഭയ് സോണി, സച്ചിൻ കുമാർ, സന്തോഷ് എന്ന സുൽത്താൻ ബാബ, സന്തോഷ് കുമാർ എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയും മറ്റുമാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. അറസ്റ്റിലായവരിൽ ചിലർ മുമ്പ് ഗോൾഡി ബ്രാറിന്റെയും ബിഷ്ണോയിയുടെയും നിർദ്ദേശപ്രകാരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.