മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Thursday, April 25, 2024 1:09 PM IST
ന്യൂഡല്‍ഹി: മുസ്ലീംകള്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദയോടാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ച രാവിലെ 11നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് നടത്തിയ വിവാദ പരാമര്‍ശത്തിലാണ് നടപടി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
ധാരാളം കുട്ടികള്‍ ഉണ്ടാകുന്ന വിഭാഗം, നുഴഞ്ഞുകയറ്റക്കാര്‍ എന്നിങ്ങനെയാണ് മുസ്ലീംകളെ മോദി വിശേഷിപ്പിച്ചത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. തിങ്കളാഴ്ച രാവിലെ 11 നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ഭിന്നിപ്പിക്കുന്നെന്നും ഭാഷയുടെ അടിസ്ഥാനത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും കാട്ടിയായിരുന്നു രാഹുലിനെതിരെയുള്ള പരാതി.