സാക്ഷിമൊഴിയുടെ പകര്‍പ്പ് നൽകരുത്; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും
Tuesday, April 16, 2024 4:17 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്.
ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. അതേസമയം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിഷയത്തിൽ സാക്ഷി മൊഴി പകർപ്പ് നൽകുന്നതിൽ പ്രതിയായ ദിലീപിന് എന്തിനാണ് ആശങ്ക എന്നാണ് അതിജീവിത ഉന്നയിക്കുന്ന ചോദ്യം
നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിതയുടെ ഹർജിയും കോടതി മുമ്പാകെയുണ്ട്. ഈ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു നടക്കും.