സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Thursday, March 28, 2024 7:32 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.
മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. സർവകലാശാല ചട്ടം അനുസരിച്ചാണ് ഗവർണറുടെ ഇടപെടൽ.
വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവകലാശാല അക്കൗണ്ടിൽ നിന്നാകും വഹിക്കുക. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചത്.