ദുഃഖാചരണം സമാപിച്ചു; ഇനി കോൺക്ലേവ്
Monday, May 5, 2025 3:55 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തെത്തുടർന്ന് കത്തോലിക്കാസഭയുടെ ഒന്പതു ദിവസത്തെ ദുഃഖാചരണം ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകുന്നേരം എല്ലാ കർദിനാൾമാർക്കുമൊപ്പം കർദിനാൾ ദൊമിനിക്ക് മാംബെർത്തി വിശുദ്ധ കുർബാന അർപ്പിച്ചു.
ഇന്നും നാളെയും ഏഴാം തീയതി ആരംഭിക്കുന്ന കോൺക്ലേവിനുള്ള അടുത്ത ഒരുക്കമാണ്. കർദിനാൾമാർക്കു പരസ്പരം പരിചയപ്പെടാനും വീക്ഷണങ്ങൾ മനസിലാക്കാനുമുള്ള അവസരം. കർദിനാൾമാരുടെ പൊതുസംഘങ്ങൾ ഈ ദിവസങ്ങളിൽ സമ്മേളിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും കൂടിയാലോചനകളും നടക്കും.
പതിവിനു വിപരീതമായി വിവിധ ഭാഷകൾ സംസാരിക്കുന്നവരും ഇറ്റലിയിൽനിന്ന് വളരെ അകലെയുള്ള രാജ്യക്കാരുമായ കർദിനാൾമാർ ഇപ്രാവശ്യം കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ഒരു പൊതു ഭാഷയുടെ അഭാവമുണ്ട്. സഭയുടെ ഔദ്യോഗിക ഭാഷ ലത്തീനാണെങ്കിലും ആ ഭാഷയിൽ ആശയവിനിമയം ചെയ്യാൻ കഴിവുള്ളവരല്ല ഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ ഓരോ കർദിനാളിന്റെയും ദൈവശാസ്ത്ര നിലപാടുകൾ വ്യക്തമായി മനസിലാക്കാൻ ഇടപഴകലുകൾ ആവശ്യമാണ്.
2013ലെ കോൺക്ലേവിനു മുന്പ് ഒരു ‘ഫ്രാൻസിസ് മോമന്റ്’ ഉണ്ടായത് കർദിനാൾ ബെർഗോളിയോയ്ക്ക് അനുകൂലമായി ഭവിച്ചു എന്നു പറയുന്നവരുണ്ട്. കർദിനാൾമാരുടെ പൊതുസംഘത്തിൽ ചെയ്ത ഒരു പ്രസംഗമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയ ‘ഫ്രാൻസിസ് മോമന്റ്’. അത്തരത്തിൽ ഒന്നുണ്ടോ എന്നു ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകർ തിരക്കിക്കൊണ്ടിരിക്കുകയാണ്. ലക്സംബർഗിലെ കർദിനാൾ ജീൻക്ലോദ് ഹൊള്ളെറിക്കിനോട് നിങ്ങൾ എന്താണു ചർച്ച ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, “സഭയെക്കുറിച്ചും പുതിയ പാപ്പായുടെ ദൗത്യത്തെക്കുറിച്ചും” എന്നായിരുന്നു ഉത്തരം. പ്രമുഖരായ വ്യക്തികൾ ഉയർന്നു വരുന്നുണ്ടോ എന്ന ചോദ്യത്തിന്, “നിരവധി പേരുണ്ട്” എന്നും അദ്ദേഹം മറുപടി പറഞ്ഞു.
ധീരതയോടെ ചോദ്യങ്ങൾ നേരിടുകയും സഭയുടെ ഐക്യം നിലനിർത്തുകയും ചോദ്യങ്ങൾക്കുള്ള ഉത്തരം സാക്ഷാത്കരിക്കാൻ ദൃഢനിശ്ചയത്തോടെ പ്രയത്നിക്കുകയും ചെയ്യുന്ന ആളായിരിക്കണം പുതിയ പാപ്പാ എന്ന് ഒരു മുതിർന്ന വത്തിക്കാൻ നിരീക്ഷകൻ പറയുന്നു.
ഗാസയിലെ കുട്ടികൾക്കു കരുണയുടെ വാഹനം സമ്മാനിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സമാധാന സന്ദേശം അദ്ദേഹത്തിന്റെ ഭൗതിക അസാന്നിധ്യത്തിലും തുടരുന്നു. മാർപാപ്പയുടെ പോപ്പ്മൊബൈൽ (അദ്ദേഹം സഞ്ചരിച്ചിരുന്ന പ്രത്യേക വാഹനം) ഗാസയിലെ കുട്ടികൾക്കു വേണ്ടിയുള്ള മൊബൈൽ ഹെൽത്ത് യൂണിറ്റായി മാറുകയാണ്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായിരുന്ന പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് കാരിത്താസ് ജറൂസലെം ആണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കത്തോലിക്കാ സഭയുടെ ആഗോള സംരംഭമാണു കാരിത്താസ്.

തകർത്തു തരിപ്പണമാക്കുന്ന യുദ്ധത്തിന്റെ ശാപം അതിന്റെ പാരമ്യത്തിൽ ഏറ്റുവാങ്ങേണ്ടിവരുന്നത് മറ്റാരേക്കാളുമധികം കുട്ടികളായിരിക്കുമെന്ന ബോധ്യമാണ് മാർപാപ്പയെ ഇത്തരമൊരു ഉദ്യമത്തിലേക്കു നയിച്ചത്. കുട്ടികൾ വെറും എണ്ണമല്ല, മുഖങ്ങളാണ്, കഥകളാണ്... അവരോരുത്തരും ദിവ്യമാണ് എന്ന മാർപാപ്പയുടെ മൊഴികൾ വെറും വാക്കുകളായിരുന്നില്ലെന്നതിന്റെ സാക്ഷ്യവുമായി ഈ ആരോഗ്യസേവന കേന്ദ്രം നിലകൊള്ളും. രോഗങ്ങൾ തിരിച്ചറിയാനും പരിശോധിച്ച് ചികിൽസിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഈ മൊബൈൽ ഹെൽത്ത് യൂണിറ്റിൽ ഒരുക്കുന്നുണ്ട്. ജീവൻ രക്ഷാ ഉപരണങ്ങൾ, വാക്സിനുകൾ എന്നിവയോടൊപ്പം മികച്ച വൈദ്യശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യവുമുണ്ടാകും.
മുറിവേറ്റും പോഷകാഹാരം നിഷേധിക്കപ്പെട്ടും കഴിയുന്ന കുട്ടികളെത്തേടി ഗാസയുടെ ഏതു കോണിലും എത്തിച്ചേരാൻ തയാറാണെന്നു കാരിത്താസ് സ്വീഡൻ, സെക്രട്ടറി ജനറൽ പീറ്റർ ബ്രൂണെ പത്രക്കുറിപ്പിൽ അറിയിച്ചു. വേദനിക്കുവരോട് പാപ്പാ കാട്ടിയ അടുപ്പവും സ്നേഹവുമാണ് ഈ വാഹനം പ്രതിനിധീകരിക്കുന്നതെന്ന് കാരിത്താസ് ജറൂസലെമിന്റെ സെക്രട്ടറി ജനറൽ ആന്റണ് അസ്ഫർ പറഞ്ഞു.