ഭീകരാക്രമണ പദ്ധതി: ബ്രിട്ടനിൽ ഏഴ് ഇറേനിയൻ പൗരന്മാർ അറസ്റ്റിൽ
Monday, May 5, 2025 3:55 AM IST
ലണ്ടൻ: ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന ഏഴ് ഇറേനിയൻ പൗരന്മാർ അടക്കം എട്ടു പേരെ ബ്രിട്ടീഷ് പോലീസിലെ തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണങ്ങളിലായിട്ടാണ് ഇവർ പിടിയിലായത്.
ഒന്നാമത്തെ സംഭവത്തിൽ നാല് ഇറേനിയൻ പൗരന്മാർ അടക്കം അഞ്ചു പേരാണ് അറസ്റ്റിലായത്. ശനിയാഴ്ച പടിഞ്ഞാറൻ ലണ്ടൻ, സ്റ്റോക്പോർട്ട്, റോഷ്ഡേൽ, മാഞ്ചസ്റ്റർ, സ്വിൻഡൻ എന്നിവടങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചാമത്തെയാൾ ഏതു രാജ്യക്കാരനാണെന്നു വ്യക്തമാക്കിയിട്ടില്ല. ചില സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണു പോലീസ് നല്കുന്ന സൂചന.
രണ്ടാമത്തെ സംഭവത്തിൽ ലണ്ടനിൽനിന്നു മൂന്ന് ഇറേനിയൻ പൗരന്മാരെ പിടികൂടുകയും ചെയ്തു.
ഇറാന്റെ പിന്തുണയോടെ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് കർശന ജാഗ്രത തുടരുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താവില്ലെന്നാണ് പോലീസ് അറിയിച്ചത്.