നഗരസഭകൾ പാർലമെന്റ് പോലെയാകണം: സ്പീക്കർ
Friday, July 4, 2025 2:00 AM IST
ഹരിയാന മനേസറിൽനിന്ന് ജോർജ് കള്ളിവയലിൽ
പാർലമെന്റിന്റെയും നിയമസഭകളുടെയും മാതൃകയിൽ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. നിയമസഭകളിലും പാർലമെന്റിലും ഉള്ളതുപോലെ നഗരസഭകളിലും ചോദ്യോത്തരവേളയും ശൂന്യവേളയും നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹരിയാനയിലെ മനേസറിൽ നടന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ പ്രഥമ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, നിയമസഭാ സ്പീക്കർ ഹർവീന്ദർ കല്യാണ് തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിൽനിന്നുള്ള നഗരസഭാധ്യക്ഷന്മാരടക്കം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മേയർമാരും മുനിസിപ്പൽ ചെയർപേഴ്സണ്മാരും ഇന്നലെ തുടങ്ങിയ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ലോക്സഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായാണ് നഗരസഭാധ്യക്ഷന്മാരുടെ ദേശീയ സമ്മേളനമെന്ന് സ്പീക്കർ ബിർള വ്യക്തമാക്കി.
ചർച്ചയില്ലാതെ ബജറ്റ് അംഗീകരിക്കുന്നതും ബഹളങ്ങളുടെ പേരിൽ പ്രധാന അജൻഡകൾപോലും മാറ്റിവച്ച് കോർപറേഷൻ, നഗരസഭാ യോഗങ്ങൾ പിരിയുന്നതും വേദനാജനകമാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.
തദ്ദേശസ്ഥാപനങ്ങൾ ഊർജസ്വലവും പ്രാതിനിധ്യപരവും കഴിവുള്ളതുമാകുന്പോൾ, ദേശീയ ഭരണം കൂടുതൽ പ്രതികരണശേഷിയുള്ളതും പ്രാതിനിധ്യപരവും ആയിത്തീരുമെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശക്തീകരണത്തിലൂടെ പാർലമെന്റും നിയമസഭകളും സ്വയമേവ ശക്തീകരിക്കപ്പെടും.
അഞ്ചു വർഷത്തിനകം ഇന്ത്യയിലെ 60 കോടിയിലധികം ആളുകൾ നഗരവാസികളാകുമെന്നാണു കരുതുന്നത്. നഗരഭരണത്തിന്റെ വ്യാപ്തി അതിനനുസരിച്ചു വികസിക്കണം.
2047ഓടെ വികസിതഭാരതം എന്ന ലക്ഷ്യം നേടുന്നതിനായി നഗരസഭകൾ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്ക്, സമൂഹത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്കു വളർത്തിയെടുക്കുക, പൊതുവിതരണവും പൗരന്മാരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തൽ, നഗരസഭകളുടെ ഭരണനിർവഹണത്തിൽ ഭരണഘടനാപരമായ ദൗത്യം നിറവേറ്റുക, രാജ്യത്തെ മാതൃകാ രീതികളും പെരുമാറ്റച്ചട്ടവും വികസിപ്പിക്കുക, നഗരസഭാ ഭരണം കൂടുതൽ ഫലപ്രദമാക്കുക തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം വിശദമായ ചർച്ച നടത്തി. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ മാതൃകാരീതികൾ അവതരിപ്പിച്ചു.
ജനാധിപത്യം സംരക്ഷിക്കാൻ പാർലമെന്റ് തടസപ്പെടരുത്
പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസപ്പെടുന്നതു കുറയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്നു ലോക്സഭാ സ്പീക്കർ ഓം ബിർള.
മാറ്റത്തിനുള്ള സമയമാണിത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യസ്ഥാപനങ്ങളെ ഉത്തരവാദിത്തത്തോടെ നിലനിർത്തുകയും ചെയ്യണമെങ്കിൽ, സഭകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 21-ാംതീയതി മുതൽ ഓഗസ്റ്റ് 21 വരെയാണു പാർലമെന്റ് സമ്മേളനം.