മണിപ്പുരിൽ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്
Saturday, February 8, 2025 1:41 AM IST
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ സർക്കാരിനു ഭീഷണിയില്ലെങ്കിലും രണ്ടുവർഷമായി തുടരുന്ന കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരേയുള്ള കുറ്റപത്രമായി പ്രമേയാവതരണം മാറിയേക്കാം.
“ഇരട്ട എൻജിനുകളിൽ ഒന്നിൽ ബ്രഹ്മാസ്ത്ര മിസൈൽ തീർച്ചയായും പതിക്കും. കോൺഗ്രസ് ഏതുസമയത്തും അവിശ്വാസ പ്രമേയം അവതരിപ്പിക്കും’’-എന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പറഞ്ഞത്.
അറുപത് അംഗ സഭയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്. മറ്റൊരു പ്രതിപക്ഷകക്ഷിയായ എൻപിപിക്ക് ഏഴും. എൻ.ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 32 എംഎൽമാരാണുള്ളത്. നാഗ പിപ്പീൾസ് ഫ്രണ്ട് (5) ജനതാദൾ-യു (6) എന്നിവർക്കൊപ്പം മൂന്ന് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.