ശിവഗംഗ കസ്റ്റഡി മരണം ; ആശ്രിതർക്ക് ഡിഎംകെ വക വീട്, ജോലി ധനസഹായം
Thursday, July 3, 2025 1:57 AM IST
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന്റെ കുടുംബാംഗങ്ങൾക്കു ഭരണകക്ഷിയായ ഡിഎംകെയുടെ വക വീടും ജോലിയും ധനസഹായവും.
കസ്റ്റഡി മരണത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം നിലപാടു കടുപ്പിച്ചതോടെയാണു ആശ്വാസനടപടികൾ. വീടിനുള്ള പട്ടയവും ജോലി ഉത്തരവും അഞ്ചുലക്ഷം രൂപയുടെ സഹായധനവും സഹകരണമന്ത്രി കെ.ആർ. പെരിയകറുപ്പനാണു അജിത് കുമാറിന്റെ കുടുംബത്തിനു നൽകിയത്. സഹോദരൻ നവീൻ കുമാറിനാണു ജോലി ലഭിക്കുക.
ശിവഗംഗയിലെ തിരുപ്പാവനത്തുള്ള വീട്ടിൽ മന്ത്രി നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതിനിടെ അജിത് കുമാറിന്റെ അമ്മയുമായി പ്രതിപക്ഷനേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ ഇടപ്പാടി പളനിസ്വാമി സംസാരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് 29കാരനായ അജിത് കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനായ അജിത് കുമാറിനെ ഒരു സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി കഴിഞ്ഞ 27 ന് പോലീസ് വിളിപ്പിക്കുകയായിരുന്നു.