അമിതഫീസ് ഈടാക്കിയെന്നാരോപിച്ച് ജയിലിലടച്ച വൈദികന് മൂന്നു മാസത്തിനുശേഷം ജാമ്യം
Saturday, September 7, 2024 1:54 AM IST
ഭോപ്പാൽ: സ്കൂളിൽ അമിതമായി ഫീസ് ഈടാക്കിയെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച കത്തോലിക്കാ വൈദികന് മൂന്നു മാസത്തിനുശേഷം ജാമ്യം.
മധ്യപ്രദേശിലെ ജബൽപുർ രൂപതാംഗമായ ഫാ. സിബി ജോസഫിനാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുർ ബെഞ്ച് ജാമ്യം നൽകിയത്. അമിതഫീസ് ഈടാക്കിയെന്നാരോപിച്ച് ഫാ. സിബിക്കു പുറമെ ജബൽപുർ രൂപതാംഗങ്ങളായ ഫാ.ജോൺ വാൾട്ടർ ക്സാൽക്സോ, ഫാ.എസ്.ജി.വിൽസൺ, ഫാ. ഏബ്രഹാം താഴത്തേടത്ത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മറ്റു മൂന്നു വൈദികർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
വിദ്യാർഥികളിൽനിന്ന് അമിതഫീസ് ഈടാക്കിയെന്നാരോപിച്ച് 11 സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുൾപ്പെടെ 21 പേരെയാണ് കഴിഞ്ഞ മേയ് 27ന് പോലീസ് അറസ്റ്റ് ചെയ്തത്.
മികച്ച അക്കാദമിക് നിലവാരവും മിതമായ ഫീസും കാരണം മധ്യപ്രദേശിൽ ക്രൈസ്തവ സ്കൂളുകളിൽ പ്രവേശനം നേടാൻ ആളുകൾ താത്പര്യം കാട്ടുന്നുണ്ട്. ഇതിനെ എതിർക്കുകയും ക്രൈസ്തവരോട് ശത്രുത പുലർത്തുകയും ചെയ്യുന്ന ചില തീവ്ര ഹിന്ദുത്വ സംഘടനാപ്രവർത്തകർ വ്യാജ ആരോപണമുന്നയിച്ച് പോലീസിൽ കേസ് നൽകുന്നതും സ്കൂളുകൾ ആക്രമിക്കുന്നതും പതിവാണ്.
പത്തു ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ സ്വകാര്യ സ്കൂളുകൾക്ക് സർക്കാരിന്റെ അനുമതി ഉണ്ടെന്നിരിക്കെയാണ് വ്യാജ ആരോപണമുന്നയിച്ച് വൈദികരെയടക്കം അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.