രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
Saturday, July 12, 2025 2:48 AM IST
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ.
ഈ വർഷം സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ് ആർഎസ്എസ് അധ്യക്ഷന്റെ പരാമർശങ്ങളിൽ തെളിയുന്നതെന്നാണ് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാക്കളായ എൽ.കെ. അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പാത മോദിയും പിന്തുടരുമോയെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ചോദ്യം.
നാഗ്പുരിലെ ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു തന്റെ വിരമിക്കലിലടക്കം സൂചന നൽകിയുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവന. 75 വയസ് പൂർത്തിയാകുന്നത് തന്റെ ചുമതല നിർത്തി മറ്റുള്ളവർക്ക് അവസരം നൽകുന്നതിനുള്ള പ്രകൃതിയുടെ സൂചനയാണെന്നായിരുന്നു ഈ വർഷം 75 തികയുന്ന ഭാഗവതിന്റെ പരാമർശം. പരാമർശം ചർച്ചയായതിനു പിന്നാലെ പ്രതിപക്ഷം ഭാഗവതിന്റെ വാക്കുകൾ മോദിയിലേക്കും തിരിച്ചുവിട്ടു.
ഈ വർഷം സെപറ്റംബർ 17ന് മോദിക്ക് 75 വയസ് തികയുമെന്ന് ആർഎസ്എസ് അധ്യക്ഷൻ ഓർമിപ്പിച്ചെന്നും എന്നാൽ ഈ വർഷം സെപ്റ്റംബർ 11ന് അദ്ദേഹത്തിനും 75 തികയുമെന്ന കാര്യം മോദിക്കും തിരിച്ചുപറയാമെന്നും കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയെയും ജസ്വന്ത് സിംഗിനെയും മുരളി മനോഹർ ജോഷിയെയും മോദി വിരമിക്കാൻ നിർബന്ധിച്ചെന്നും അദ്ദേഹവും അതേ നിലവാരം പിന്തുടരുമോയെന്നു നോക്കാമെന്നും ശിവസേന (ഉദ്ധവ്) വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. നിങ്ങൾ അനുഷ്ഠിക്കാത്ത കാര്യം പ്രസംഗിച്ചു നടക്കുന്നത് അപകടകരമാണെന്നായിരുന്നു കോണ്ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുടെ പ്രതികരണം.
എന്നാൽ, മോദി 75 വയസാകുന്പോൾ വിരമിക്കുമെന്ന വാർത്തകൾ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മുന്പ് തള്ളിയിട്ടുണ്ട്. മോദി 2029 വരെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്നും ബിജെപി ഭരണഘടനയിൽ വിരമിക്കൽ വ്യവസ്ഥ ഇല്ലെന്നുമായിരുന്നു അമിത് ഷാ 2023ൽ പറഞ്ഞിരുന്നത്.