ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ: ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കുന്നില്ലെന്ന് ചന്ദ്രചൂഡ്
Saturday, July 12, 2025 2:48 AM IST
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ട ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കുന്നില്ലെന്നും എന്നാൽ ബില്ലിലുള്ള ഗുരുതര വീഴ്ചകൾ തിരുത്തലിനു വിധേയമാക്കണമെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
ഇന്നലെ ചേർന്ന പാർലമെന്ററി സമിതിക്കു മുന്നിലാണ് ചന്ദ്രചൂഡ് അഭിപ്രായം വ്യക്തമാക്കിയത്. 1950 മുതൽ 1960 വരെ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേ സമയമായിരുന്നു നടത്തിയിരുന്നത്.
പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്നതിന് 1957ൽ നിരവധി നിയമസഭകൾ പിരിച്ചുവിട്ട സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം തുടരുന്ന നിയമസഭകളുടെ കാലാവധി ഒരു തവണത്തേക്കു ക്രമീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ജെപിസി മുന്പാകെ വ്യക്തമാക്കി. ഒരു തവണത്തെ ക്രമീകരണത്തിനുശേഷം പാർലമെന്റിന്റെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് മുന്നോട്ട് ഒരേസമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബില്ലിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിരിക്കുന്ന പ്രത്യേക അധികാരത്തെ ചന്ദ്രചൂഡ് എതിർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും ഒരു സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധ്യമെന്നു തോന്നിയാൽ ആ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ബില്ലിൽ കമ്മീഷനു നൽകുന്ന അധികാരത്തെ ചന്ദ്രചൂഡ് ചോദ്യം ചെയ്തു.