കഠുവ ഭീകരാക്രമണം: 51 പേർ കസ്റ്റഡിയിൽ
Thursday, July 11, 2024 1:35 AM IST
കഠുവ: ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിൽ സുരക്ഷാ സൈനികരുടെ വാഹനത്തിനു നേർക്ക് ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ഉൾപ്പെടെ 51 പേർ കസ്റ്റഡിയിൽ.
ഭീകരർക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യാൻ ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഭീകരർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്കു കടന്നു. കനത്ത മഴ തെരച്ചിലിനു പ്രതിസന്ധിയാകുന്നുണ്ടെന്ന് സൈന്യം പറഞ്ഞു.
അഞ്ചു സൈനികരാണ് തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. കഠുവ ആക്രമണവുമായി ബന്ധപ്പെട്ട തിരച്ചിൽ ഓപ്പറേഷനിൽ, ഉധംപുർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ നിബിഡവനങ്ങളിൽ സൈന്യത്തെയും പോലീസുകാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തെരച്ചിലിനായി ഹെലികോപ്റ്ററുകളും യുഎവിയും സ്നിഫർ നായകളെയും ഉപയോഗിക്കുന്നുണ്ട്. കരസേന, പോലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടത്തുന്നത്. വനമേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം.
ആക്രമണം നടത്തിയ ഭീകരർക്കെതിരേ സൈന്യം 5,189 റൗണ്ട് വെടിയുതിർത്തെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വെളിപ്പെടുത്തി. സൈന്യത്തിന്റെ പ്രത്യാക്രമണം കടുത്തതോടെ ഭീകരർ വനത്തിനുള്ളിലേക്കു പിൻവാങ്ങുകയായിരുന്നു.
കൂടുതൽ ആളപായം തടയുന്നതിനും ആയുധങ്ങൾ പിടിച്ചെടുക്കുന്നതിൽനിന്നു ഭീകരർ പിൻതിരിക്കാനും സൈനിക നടപടി കാരണമായി.