കാവേരി: കർണാടകയിൽ പ്രതിഷേധം കനക്കുന്നു
Saturday, September 23, 2023 2:03 AM IST
ബംഗളുരു: കാവേരിനദി ജലതർക്കവുമായി ബന്ധപ്പെട്ട കർണാടകയിൽ പ്രതിഷേധം കനക്കുന്നു. തമിഴ്നാടിന് ഉടൻ 5,000 ഘനയടി ജലം നൽകണമെന്ന കാവേരി ജല അഥോരിറ്റിയുടെയും നിയന്ത്രണസമിതിയുടെയും നിർദേശത്തിൽ ഇടപെടാൻ സുപ്രീംകോടതി വ്യാഴാഴ്ച വിസമ്മതിച്ചിരുന്നു. ഇതോടെയാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധം ഉയർത്തിയത്.
കാവേരി നദിയോടു ചേർന്നുള്ള മൈസുരുരു, മാണ്ഡ്യ, ചാമരാജനഗര, രാമനഗര, ബംഗളൂരു എന്നിവിടങ്ങളിലും സമീപജില്ലകളായ ചിത്രദുർഗ, ബല്ലാരി, ദാവൻഗരെ, കൊപ്പൽ, വിജയപുര എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.
കുടിവെള്ള പ്രശ്നത്തിനൊപ്പം കൃഷിയാവശ്യങ്ങളും ചൂണ്ടിക്കാട്ടി ജലം വിട്ടുനൽകാൻ കർണാടകം വിസമ്മതിക്കുകയാണ്. മൺസൂൺ മഴയുടെ തോത് കുറഞ്ഞതിനാൽ കടുത്ത വരൾച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നു പ്രക്ഷോഭകർ പറയുന്നു.