തീർഥാടകരുടെ കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
Monday, January 20, 2020 11:34 PM IST
മുക്കൂട്ടുതറ: ശബരിമല ദർശനത്തിനു പോയ തീർഥാടക സംഘത്തിന്റെ കാർ നിയന്ത്രണം തെറ്റി വീട്ടിലേക്ക് ഇടിച്ചുകയറി തീർഥാടകൻ മരിച്ചു. സംഘത്തിലെ ഗുരുസ്വാമി കർണാടക സ്വദേശി ദോദ്ദ മാനുമപ്പ (75) യാണ് അപകടത്തിന്റെ നടുക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് സംഭവം.
ഡ്രൈവർ ഉൾപ്പെടെ കർണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മുട്ടപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ റോഡരികിലുള്ള റിട്ടയേർഡ് വില്ലേജ് അസിസ്റ്റന്റും കണമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ മലമ്പാറക്കൽ തമ്പിയുടെ വീട്ടിലേക്കാണു കാർ പാഞ്ഞുകയറിയത്.
തമ്പിയുടെ വീട് ശബരിമല പാതയോടു ചേർന്നു റോഡിൽനിന്ന് അല്പം താഴെയായാണ്. വീട്ടിലേക്കുള്ള വഴി ഒഴികെ റോഡിന്റെ ഈ വശത്തു ക്രാഷ് ബാരിയറുണ്ട്. അമിതവേഗവും ഡ്രൈവർ ഉറങ്ങിയതും മൂലം കാർ നിയന്ത്രണം തെറ്റിയപ്പോൾ റോഡിന്റെ എതിർവശത്തേക്കു പാഞ്ഞു. തമ്പിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ ക്രാഷ് ബാരിയർ ഇല്ലാത്ത ഭാഗത്തുകൂടിയാണ് കാർ പാഞ്ഞത്.
ഈ ഭാഗം താഴ്ചയുള്ളതിനാൽ അമിതവേഗം മൂലം കാർ പറന്നു വീടിന്റെ സിറ്റൗട്ടിലേക്കു പതിക്കുകയായിരുന്നു. ആഘാതത്തിൽ സിറ്റൗട്ടിലെ കോൺക്രീറ്റ് തൂണ് നിലം പതിക്കുകയും കാർ മുറ്റത്തേക്കു തെറിച്ചുവീഴുകയുമായിരുന്നു. സിറ്റൗട്ടിലെ വലിയ ജനാല പൂർണമായും പൊളിഞ്ഞ് അടർന്നുവീണു.
സമീപത്തുണ്ടായിരുന്ന ആക്ടീവ സ്കൂട്ടറും തകർന്നു. വീടിന്റെ വശങ്ങളിലെ ഭിത്തികളിലും ജനാലകളിലും വലിയ തോതിലാണ് വിള്ളൽ. വീട് മൊത്തം കുലുങ്ങുന്ന വലിയ ശബ്ദം കേട്ടാണ് തന്പി ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നത്. മുറ്റത്തേക്കു വന്നു നോക്കുമ്പോൾ തകർന്ന നിലയിൽ ഒരു കാറും ഉള്ളിൽ പരിക്കേറ്റ തീർഥാടകരെയും കണ്ടു.
ഉടൻതന്നെ പരിക്കേറ്റവരെ അയൽവാസിയുടെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. നെഞ്ച് പൊത്തി മരണവെപ്രാളത്തിലായിരുന്ന ഗുരുസ്വാമിയായ വയോധികൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. ഇയാളുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയതിനെത്തുടർന്ന് ആംബുലൻസിൽ നാട്ടിലേക്കയച്ചു. ഒപ്പമുള്ള തീർഥാടകർ ശബരിമല ദർശനം നടത്താനാകാതെ മൃതദേഹവുമായി നാട്ടിലേക്കു മടങ്ങി.