സൂപ്പർ അയ്യർ
Wednesday, March 26, 2025 12:59 AM IST
അഹമ്മദാബാദ്: 32 സിക്സ് പിറന്ന ഐപിഎൽ ട്വന്റി-20 സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരേ പഞ്ചാബ് കിംഗ്സിന് 11 റണ്‍സ് ജയം.
ക്യാപ്റ്റൻ ശ്രേയസ് അയ്യറിലൂടെ (97 നോട്ടൗട്ട് ) 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റണ്‍സ് നേടിയ പഞ്ചാബ് കിംഗ്സിന് എതിരേ, ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. പഞ്ചാബിന് 11 റണ്‍സ് ജയം. സായ് സുദർശൻ (43 പന്തിൽ 74), ജോസ് ബട്ലർ (33 പന്തിൽ 54), റൂഥർഫോഡ് (28 പന്തിൽ 46) എന്നിവരുടെ ഇന്നിംഗ്സിലൂടെ ആയിരുന്നു ഗുജറാത്തിന്റെ തിരിച്ചടി.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2024 ഐപിഎൽ സീസണിൽ ചേസ് ചെയ്ത ടീമുകളാണ് കൂടുതൽ ജയം നേടിയത് എന്നതും മുന്നിൽക്കണ്ടുള്ള തീരുമാനം. നാലാം ഓവറിന്റെ ആദ്യ പന്തിൽ പഞ്ചാബിന്റെ ഓപ്പണിംഗ് സഖ്യം തകർന്നു.
കഗിസൊ റബാദയെ കൂറ്റനടിക്കുശ്രമിച്ച പ്രഭ്സിമ്രാൻ സിംഗ് (5) അർഷദ് ഖാന്റെ കൈകളിൽ ഭദ്രം. 23 പന്തിൽ 47 റണ്‍സുമായി തകർത്തടിക്കുകയായിരുന്ന പ്രിയാൻഷ് ആര്യയെ റാഷിദ് ഖാൻ പുറത്താക്കി. അസ്മത്തുള്ള ഒമർസായി (15 പന്തിൽ 16) സ്ഥാനക്കയറ്റം നേടി എത്തിയെങ്കിലും കാര്യമുണ്ടായില്ല. മാർകസ് സ്റ്റോയിൻസ് (15 പന്തിൽ 20) അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞു.
ഒരുവശത്തു ബാറ്റർമാർ വന്നുംപോയും ഇരിക്കുന്പോഴും മറുവശത്ത് നങ്കൂരമിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് പഞ്ചാബ് കിംഗ്സിനെ മുന്നോട്ടു നയിച്ചത്. നേരിട്ട 27-ാം പന്തിൽ അർധസെഞ്ചുറി കടന്ന ശ്രേയസ് അയ്യർ, 42 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പതു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു അയ്യറിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ ഒപ്പം ശശാങ്ക് സിംഗും (16 പന്തിൽ 44 നോട്ടൗട്ട്) എത്തിയതോടെ ഡെത്ത് ഓവറുകളിൽ സ്കോറിംഗിന്റെ വേഗം കൂടി.
ആനമുട്ട മാക്സി
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്തായതിന്റെ റിക്കാർഡ് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ സ്വന്തമാക്കി. ഗുജറാത്തിനെതിരേ ഗ്ലെൻ മാക്സ്വെൽ ഗോൾഡൻ ഡക്കായി.
സായ് കിഷോറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് മാക്സ്വെൽ പുറത്തായത്. 19-ാം തവണയാണ് മാക്സി ഐപിഎല്ലിൽ പൂജ്യത്തിനു പുറത്താകുന്നതെന്നതും ശ്രദ്ധേയം. 18 തവണ വീതം പുറത്തായ ദിനേശ് കാർത്തിക്, രോഹിത് ശർമ എന്നിവരെയാണ് മാക്സ്വെൽ മറികടന്നത്.
റാഷിദ് ഖാൻ @ 150
ഐപിഎല്ലിൽ 150 വിക്കറ്റ് നേട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് വീഴ്ത്തിയാണ് 150ൽ റാഷിദ് എത്തിയത്. അതിവേഗം 150 വിക്കറ്റിൽ മൂന്നാം സ്ഥാനത്തും താരമെത്തി. 122 ഇന്നിംഗ്സിലാണ് റാഷിദിന്റെ 150 വിക്കറ്റ്. 105 ഇന്നിംഗ്സിൽ 150 വിക്കറ്റ് തികച്ച ലസിത് മലിംഗയുടെ പേരിലാണ് റിക്കാർഡ്.