ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കു ജയം ; ഇന്ത്യക്കു പണി
Sunday, December 1, 2024 2:20 AM IST
ഡർബൻ: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പണിയായി ദക്ഷിണാഫ്രിക്കയുടെ ജയം. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക 233 റണ്സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.
പ്രോട്ടീസിന്റെ ഈ ജയത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മോഹത്തിനു പ്രഹരമേറ്റു. സ്കോർ: ദക്ഷിണാഫ്രിക്ക 191, 366/5 ഡിക്ലയേർഡ്. ശ്രീലങ്ക 42, 282.
താരം മാർക്കോ യാൻസണ്
രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസണ് ആണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ യാൻസണിന്റെ (7/13) ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ശ്രീലങ്ക 42നു പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ടീമിന്റെ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറാണിത്.
രണ്ടാം ഇന്നിംഗ്സിൽ യാൻസണ് നാലു വിക്കറ്റ് സ്വന്തമാക്കി. 516 റണ്സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ശ്രീലങ്ക 79.4 ഓവറിൽ 282നു പുറത്തായി. ദിനേശ് ചണ്ഡിമൽ (83), ധനഞ്ജയ ഡിസിൽവ (59) എന്നിവരായിരുന്നു ലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.
ഇന്ത്യക്കു പ്രഹരം
ദക്ഷിണാഫ്രിക്കയുടെ ഈ ജയം ഇന്ത്യക്കുള്ള പ്രഹരമായി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇനി 4-0/5-0നു ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഇനി മറ്റു ടീമുകളുടെ മത്സരഫലങ്ങൾ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. ലങ്കയ്ക്കെതിരായ ജയത്തിലൂടെ ഓസ്ട്രേലിയയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ലോക ചാന്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയെന്നതും ശ്രദ്ധേയം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ വിഷമിക്കുന്നതിനാൽ ന്യൂസിലൻഡിന്റെ ഫൈനൽ സാധ്യത മങ്ങി. ഇംഗ്ലണ്ടിനെതിരേ ഒരു തോൽവി വഴങ്ങിയാൽ ന്യൂസിലൻഡിനു ഫൈനൽ കാണാൻ സാധിക്കില്ല. ചുരുക്കത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ലോക ചാന്പ്യൻഷിപ്പ് ഫൈനലിലായി സജീവമായി രംഗത്തുള്ളത്.
സാധ്യതകൾ ഇങ്ങനെ
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ഉൾപ്പെടെ മൂന്നു മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കു ശേഷിക്കുന്നത്. ഇതു മൂന്നും ജയിച്ചാൽ 69.4 പോയിന്റ് ശതമാനത്തോടെ ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റ് ഏകദേശം ഉറപ്പിക്കും.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സരപരന്പരയാണ് ഈ ലോക ചാന്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്കു ശേഷിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സര പരന്പരയുണ്ട്.
ഇന്ത്യ 4-0/5-0ന് ഓസ്ട്രേലിയയെ കീഴടക്കിയാൽ ഇന്ത്യക്ക് മറ്റു ടീമുകളുടെ മത്സര ഫലം ആശ്രയിക്കാതെ ഫൈനൽ കളിക്കാം. നിലവിൽ 1-0നു മുന്നിലാണ് ഇന്ത്യ. 3-1ന് ഓസ്ട്രേലിയയെ കീഴടക്കിയാൽപോലും ഇന്ത്യക്കു ഫൈനൽ സാധ്യതയുണ്ട്, ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും തുടർന്നു പാക്കിസ്ഥാനെയും 2-0നു കീഴടക്കണം എന്നു മാത്രം. അങ്ങനെയെങ്കിൽ ശ്രീലങ്കയ്ക്കെതിരേ ശേഷിക്കുന്ന പരന്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കിയാൽപോലും ഇന്ത്യക്കു ഭീഷണിയാകില്ല. നിലവിൽ ഇന്ത്യയാണ് പോയിന്റ് ശതമാനത്തിൽ ഒന്നാം സ്ഥാനത്ത്.
അതേസമയം, ഇന്ത്യ 3-2നാണ് പരന്പര നേടുന്നതെങ്കിൽ 58.8 മാത്രമായിരിക്കും ഇന്ത്യയുടെ പോയിന്റ് ശതമാനം. ഇത് ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും മറികടക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ, ദക്ഷിണാഫ്രിക്കയുടെ ഓരോ ജയവും ഇന്ത്യയുടെ കഴുത്തിലെ കുരുക്കു മുറുക്കുന്നതായിരിക്കും.
ലോക ടെസ്റ്റ് ടേബിൾ
ടീം പോയിന്റ് ശതമാനം
ഇന്ത്യ 61.11
ദക്ഷിണാഫ്രിക്ക 59.25
ഓസ്ട്രേലിയ 57.69
ന്യൂസിലൻഡ് 54.55
ശ്രീലങ്ക 50.00
ഇംഗ്ലണ്ട് 40.79
പാക്കിസ്ഥാൻ 33.33
വെസ്റ്റ് ഇൻഡീസ് 26.67
ബംഗ്ലാദേശ് 25.00