ഇന്ത്യ x കിവീസ് മൂന്നാം ടെസ്റ്റ് ഇന്ന്
Friday, November 1, 2024 12:18 AM IST
മുംബൈ: ഒന്നും രണ്ടും തോറ്റു, മൂന്നിലെങ്കിലും ജയിക്കണം, മനസിലായോ... ടീം ഇന്ത്യയോട് ആരാധകർക്കുള്ള അപേക്ഷയാണിത്.
മാനം കപ്പൽ കയറാതിരിക്കാനുള്ള ആശ്വാസജയം പ്രതീക്ഷിച്ച് ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്നു കളത്തിൽ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.
റാങ്ക് ടേണർ പിച്ച്
ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് നടക്കുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ റാങ്ക് ടേണർ പിച്ചായിരിക്കും എന്നാണ് സൂചന. ടീം ഇന്ത്യ ക്യൂരേറ്ററിന് ഇതു സംബന്ധിച്ച നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ദിനം മുതൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് റാങ്ക് ടേണർ.
ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ വാങ്കഡെയിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ വാങ്കഡെയിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. അതിൽ ആറു വിക്കറ്റ് വീഴ്ത്തി. പേസർ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നൽകിയായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും സൂചനയുണ്ട്.
അജാസ് പട്ടിലേന്റെ മുംബൈ
ന്യൂസിലൻഡ് ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നർ അജാസ് പട്ടേലിന്റെ ജന്മനാടാണ് മുംബൈ. വാങ്കഡെയിലെ പിച്ച് ടേണിംഗ് നൽകുന്നതായിരിക്കുമെന്നാണ് അജാസിന്റെ കണക്കുകൂട്ടൽ. മാത്രമല്ല, വാങ്കഡെയിൽ ന്യൂസിലൻഡ് അവസാനമായി ടെസ്റ്റ് കളിച്ചപ്പോൾ അജാസ് പട്ടേൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തിയിരുന്നു.
2021 ഡിസംബർ ആദ്യം നടന്ന ടെസ്റ്റിലായിരുന്നു അജാസ് പട്ടേൽ ഇന്ത്യൻ ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയത്.