നിത്യോപയോഗ സാധനങ്ങളുടെ വിപണി പിടിക്കാൻ റിലയൻസ്
Thursday, November 28, 2024 1:54 AM IST
മുംബൈ: രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിപണിയിൽ പിടിമുറുക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് (ആർസിപിഎൽ). ഇതിനായി വിതരണക്കാർക്കും വ്യാപാര പങ്കാളികൾക്കും 6 മുതൽ 8 ശതമാനം മാർജിനുകൾ കന്പനി നൽകുന്നത്.
ഇത് ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, കൊക്ക കോള, പാർലെ, നെസ്ലെ തുടങ്ങിയ വൻകിട കന്പനികൾ നൽകുന്ന 3-5% വ്യവസായ ശരാശരിയുടെ ഇരട്ടിയാണ്. വ്യാപാര സ്ഥാപനങ്ങളിൽ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സിന്റെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ശേഖരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആർസിപിഎലിനു കീഴിൽ അലൻ ബ്യൂഗിൾസ്, ഗ്ലിമ്മർ, പ്യൂറിക്, ഇൻഡിപെൻഡൻസ്, സ്നാക് ടാക് തുടങ്ങിയ ബ്രാൻഡുകളാണുള്ളത്. ഈ ബ്രാൻഡുകൾ എല്ലാ വിഭാഗത്തിലും എതിരാളികളുടെ വിലയേക്കാൾ 20 മുതൽ 40 ശതമാനം വരെ കുറവിലാണ് വിൽക്കുന്നത്. കന്പാ കോള ബ്രാൻഡിൽ സ്വീകരിച്ച നീക്കമാണ് കന്പനി ഇവിടെയും അനുകരിക്കുന്നത്.
വരാനിരിക്കുന്ന പാദങ്ങളിൽ, ചെറുകിട വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം നഗരപ്രദേശങ്ങളിൽ അതിന്റെ വിതരണം വ്യാപിപ്പിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ദ്രുത-കൊമേഴ്സ് സൈറ്റുകളിൽ ഇപ്പോഴും ആർസിപിഎൽ അധികം ഇല്ല.
വിപണിയിലെ സ്വാധീനം
വിപണിയിൽ മത്സരം മുറുകുന്പോൾ ആർസിപിഎലിന്റെ വലിയ മാർജിനുകൾ സ്വീകരിക്കാൻ മറ്റ് കന്പനികളും തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മേഖലകളിൽ, വർധിച്ച ട്രേഡ് ലെവൽ മാർക്കറ്റിംഗുമായി പ്രമുഖ കന്പനികൾ ഇതിനകം പ്രതികരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കൊക്കകോളയും പെപ്സികോയും കന്പായുടെ കുറഞ്ഞ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിന് അവരുടെ ബിസിനസ് പ്ലാനുകൾ മാറ്റി.
ആർസിപിഎല്ലിന്റെ ലാഭക്ഷമത തന്ത്രത്തിൽ ഡിസ്ട്രിബ്യൂട്ടർ സെയിൽസ് ടീമുകൾക്കുള്ള സഹായം ഉൾപ്പെടുന്നു. ചില്ലറ വ്യാപാരികൾക്ക്, കന്പനിയുടെ പരിമിതമായ പരസ്യ, വിപണന ചെലവുകളെ മറികടക്കാനാണ് ഉയർന്ന മാർജിൻ നൽകുന്നത്.