തിരിച്ചുകയറി ഓഹരി വിപണി
Saturday, November 23, 2024 12:31 AM IST
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ തിരിച്ചു വരവ്. ഇന്ന് സെൻസെക്സ് 1,900 പോയിന്റുകളിലധികവും നിഫ്റ്റി 500 പോയിന്റുകളിലധികവും ഉയർച്ച നേടി.
ധനകാര്യ കന്പനികളുടെ റാലിയും അമേരിക്കയിൽനിന്നുള്ള ശക്തമായ തൊഴിൽ കണക്കുകളുമാണ് വിപണിയെ സ്വാധീനിച്ച മറ്റു ഘടകങ്ങൾ. സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനമാണ് മുന്നേറിയത്.
വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടാൻ തയാറായതാണ് വിപണിയെ സഹായിച്ചതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി എൽ & ടി, ടിസിഎസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് ഓഹരികൾ നേട്ടം ഉണ്ടാക്കി.
യുഎസിൽ ഗൗതം അദാനിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ് പ്രകടമായിരുന്നു. ഇത് കഴിഞ്ഞദിവസം ഓഹരി വിപണിയെ മൊത്തമായും ഉലയ്ക്കുകയും ചെയ്തു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിലും ഇടിവുണ്ടായെങ്കിലും മിക്ക ഓഹരികളും ദിന മധ്യത്തോടെ 6% വരെ തിരിച്ചുകയറ്റം നടത്തി.
ആഗോള തലത്തിൽ ഓഹരി വിപണികളിലുണ്ടായ കുതിപ്പ്, പൊതുമേഖലാ ബാങ്ക് ഓഹരികളിലെ വർധിച്ച ഡിമാൻഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധമായ പ്രതീക്ഷകൾ എന്നിവയും വിപണികൾക്ക് ഉൗർജം പകർന്നു.