മങ്കൊമ്പ്: കേരള കോൺഗ്രസ്-ബി കുട്ടനാട് നിയോജക മണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് ജയ്സപ്പൻ മത്തായി ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട സാങ്കേതിക വളർച്ചയും യന്ത്രവത്കരണവും സാധ്യമായിട്ടും കർഷക സംരക്ഷണവും കുട്ടനാടിന്റെ സമഗ്രവികസനവും ശക്തിപ്പെടുത്തുവാൻ നടപടിയില്ലാത്തത് ഖേദകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. എം. എസ്. സ്വാമിനാഥൻ കമ്മീഷൻ അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ കുട്ടനാടിനുവേണ്ടി അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. നിലവിൽ കുട്ടനാട്ടിൽ നെല്ലുവില, കൃഷിക്കാവശ്യമായ വിത്ത്, വളം എന്നിവ യഥാസമയം ലഭിക്കാത്തതുമൂലം കർഷകർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർതല ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് കടവിൽ, രവിന്ദ്രൻകുട്ടി കളങ്ങര, ഷാജി മീനത്തേരിൽ, വിനീഷ് മാത്യു, ജയന്തി വേണു, പി.എൻ.തോമസ് എന്നിവർ പ്രസംഗിച്ചു.