ആംബുലൻസിലും രാഷ്ട്രീയം : കുന്നന്താനത്ത് എംപി ഫണ്ട് വാങ്ങുന്നതിൽ ഭരണകക്ഷിക്ക് അതൃപ്തി
1478630
Wednesday, November 13, 2024 4:30 AM IST
കുന്നന്താനം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ പാലിയേറ്റീവ് തുടർ പ്രവർത്തനങ്ങൾക്ക് ആംബുലൻസിനായി അനുവദിച്ച കത്തിനെ സംബന്ധിച്ച ചർച്ചയിൽനിന്ന് പഞ്ചായത്തുകമ്മിറ്റി ഒഴിഞ്ഞുമാറി.
വിഷയം പഞ്ചായത്ത് കമ്മിറ്റി യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിട്ടും ചർച്ച ചെയ്തു തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായ വി. ജെ. റജി , ബാബു കുറുമ്പേശ്വരം, ഗ്രേസി മാത്യു, വി.പി.രാധാമണിയമ്മ, ധന്യമോൾ ലാലി, മറിയാമ്മ കോശി എന്നിവർ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിനു മുമ്പിൽ ധർണ നടത്തി.
നിലവിലുള്ള ആംബുലൻസ് കാലപ്പഴക്കം ഉള്ളതാകയാൽ പുതിയ ഒരു ആംബുലൻസ് അനുവദിക്കണമെന്ന് ആശുപത്രി വികസനസമിതി എംപിയോട് അഭ്യർഥിച്ചതിനെത്തുടർന്നാണ് പുതിയ ആംബുലൻസിനു തുക അനുവദിച്ചത്. ഇന്നലെ നടന്ന പഞ്ചായത്തു കമ്മിറ്റിയുടെ അജണ്ടയിൽ നാലാമത്തെ ഇനമായാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്.
ആരോഗ്യ പരിപാലന രംഗത്തു പോലും അന്ധമായ രാഷ്ട്രീയം കാണുന്ന സിപിഎം നിലപാട് ഒരിക്കൽകൂടി വ്യക്തമായതായി യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
മുമ്പ് പുളിന്താനം, മഠത്തിക്കാവ്, നടയ്ക്കൽ, മാന്താനം കാണിക്ക മണ്ഡപം, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ എംപി ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് ലൈറ്റിനുള്ള തുക അനുവദിച്ചപ്പോഴും ഇതേ നിഷേധാത്മക വികസനവിരുദ്ധ നയമാണ് എൽഡിഎഫ് സ്വീകരിച്ചതെന്നും ഇതിനെതിരേ ജനങ്ങളെ അണിനിരത്തി സമരവുമായി മുമ്പോട്ടു പോകുമെന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ എം.എം. റജി നേതാക്കളായ മാന്താനം ലാലൻ , സുരേഷ് ബാബു പാലാഴി , വി. ജെ. റെജി,സി.പി. ഓമനകുമാരി, സുനിൽ ആഞ്ഞിലിത്താനം എന്നിവർ പറഞ്ഞു.