നിക്ഷേപത്തുക മടക്കിനൽകിയില്ല; കോന്നി ആർസിബിക്കു മുന്പിൽ നിക്ഷേപകന്റെ സമരം
1478571
Tuesday, November 12, 2024 7:59 AM IST
കോന്നി: ആറുവർഷം മുമ്പ് കോന്നി റീജണൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെ ഹൃദ്രോഗിയായ നിക്ഷേപകൻ കോന്നി ബാങ്കിനു മുമ്പിൽ സമരം ആരംഭിച്ചു.
കോന്നി താവളപ്പാറ ആനന്ദഭവനിൽ ആനന്ദനാണ് ഇന്നലെ രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചത്. നിക്ഷേപത്തുക ആവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി സംഘത്തിന്റെ ഓഫീസിൽ കയറി ഇറങ്ങുന്ന ആനന്ദനോട് പല തീയതികൾ പറഞ്ഞു മടക്കിയയ്ക്കുകയാണ് ജീവനക്കാർ ചെയ്യുന്നത്. ആറുവർഷങ്ങൾ മുമ്പ് 11 ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്.
സാന്പത്തിക തിരിമറിയിലും നിക്ഷേപ, വായ്പാ തട്ടിപ്പുകളിലും കുടങ്ങിയ സഹകരണ സംഘം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇതിനിടെ ചില ജീവനക്കാർ കുറച്ചു പണം മടക്കി നൽകുകയും, മുൻ സെക്രട്ടറിയുടെ ഉൾപ്പെടെ വസ്തു ജപ്തി ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമേ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകി പണം സ്വരൂപിക്കുകയും ചെയ്തതെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. നിലവിൽ കോന്നി ആർസിബിയിലെ സാമ്പത്തിക ക്രമക്കേടുകൾ ഇഡിയുടെ പരിശോധനയ്ക്കു വിധേയമായതോടെ കൈവശം ഉള്ള മറ്റു വസ്തുവകൾ വിറ്റു സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനും സാധിക്കുന്നില്ല.
നിരവധി നിക്ഷേപകരാണ് ഓരോ ദിവസവും ആർസിബിയിൽ എത്തി നിരാശരായി പോകുന്നത്. ചിലർ സംഘം ഓഫീസിൽ ബഹളംവയ്ക്കുമെങ്കിലും പിന്നീട് തിരികെ പോകുകയാണ് പതിവ്. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വരെ നിക്ഷേപിച്ചവരാണ് വഞ്ചിതരായ അധികം പേരും. ആനന്ദൻ കടുത്ത ഹൃദ്രോഗ ബാധിതനാണ്. ഇദ്ദേഹത്തിന് അടിയന്തരമായി ബൈപാസ് ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കാനാണ് പണം ആവശ്യപ്പെട്ട് സംഘത്തിൽ കയറി ഇറങ്ങുന്നത്.
കോന്നി പോലീസിനെ സമീപിച്ചെങ്കിലും ഇവരുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടായില്ലെന്ന് ആനന്ദൻ പറഞ്ഞു.
സമരം സംഘടിപ്പിക്കും: കോൺഗ്രസ്
കോന്നി: നിക്ഷേപത്തുക ലഭിക്കാതെ ബുദ്ധിമുട്ടുന്ന കോന്നി റീജണൽ സഹകരണ ബാങ്ക് സഹകാരികളെ സംരക്ഷിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും കുടുംബശ്രീ കുടുംബങ്ങളുമാണ് നിക്ഷേപകരിൽ നല്ലൊരു പങ്കും. നിക്ഷേപകരെഉൾപ്പെടുത്തി സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
കോടിക്കണത്തിനു രൂപയുടെ അഴിമതി നടക്കുന്ന സ്ഥാപനത്തിന്റെ നിലവിലെ ധനസ്ഥിതി സഹകാരികളെ ബോധ്യപ്പെടുത്തുവാൻ ഭരണസമിതി തയാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സഹകാരി സംഗമം വിളിച്ചു ചേർത്ത് തുടർ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ അടിയന്തര നടപടി വേണമെന്ന് സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം എസ്. കോന്നിയും ആവശ്യപ്പെട്ടു. ബാങ്ക് തകർച്ചയുടെ പൂർണ ഉത്തരവാദിത്വം ഇടതുഭരണസമിതിക്കാണെന്നും അവർ കുറ്റപ്പെടുത്തി.