ശബരിമലയ്ക്കു പ്രത്യേക ഭരണസംവിധാനം വേണം
1478629
Wednesday, November 13, 2024 4:30 AM IST
ഭക്തസംഘടനാ പ്രതിനിധികൾ യോജിച്ചു
പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രത്യേക ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് ഭക്തസംഘടനാ പ്രതിനിധികൾ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദം പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതിനിധികൾ ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്.
ശബരിമലയിലെത്തുന്ന ഭക്തരുടെ താത്പര്യങ്ങൾകൂടി പരിഗണിച്ച് നല്ലനിലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ദേവസ്വംബോർഡിനു കഴിയണമെന്നും അല്ലാത്തപക്ഷം ഭക്തരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഒരു ഭരണസംവിധാനം വരണമെന്നും ശബരിമല അയ്യപ്പസേവാസമാജം അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു.
ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പൂർണമായി ഒഴിവാക്കപ്പെടണമെന്നും വേറിട്ടൊരു ഭരണസംവിധാനം ക്ഷേത്രത്തിനുണ്ടാകുന്നത് നല്ലതാണെന്നും തീർഥാടന ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്നും അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ പറഞ്ഞു.
ശബരിമലയിലെ ഭരണസംവിധാനത്തെ സംബന്ധിച്ച് സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഇതു നടപ്പാക്കുകയാണു വേണ്ടതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രകാരം പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ഭരണസംവിധാനം എത്രയുംവേഗം നടപ്പാക്കണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി സുരേഷ് വർമ പറഞ്ഞു.
ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻകൂടിയായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. നിലവിൽ ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയഭാഷയിലുള്ള ചർച്ചകൾ മാത്രമാണു നടക്കുന്നത്. ഇപ്പോഴത്തെ സർക്കാർ സംവിധാനത്തിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാകില്ല. മുന്നൊരുക്കങ്ങൾ ഇപ്പോഴും പൂർണമല്ല. മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ നടക്കുന്നതിന് പകരം ഒരാഴ്ച മുമ്പാണ് ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയത്.
അവലോകന യോഗങ്ങളിൽ ഭക്തസംഘടനകളെ പങ്കെടുപ്പിക്കാറില്ല . കച്ചവട താത്പര്യമാണ് എവിടെയും കാണുന്നത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പാക്കണം. കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം പർണശാലകൾ ഉയരണം. ശബരിമലയിലെ പല നിർമാണങ്ങളും ആചാരവിരുദ്ധമാണ്. ഭസ്മക്കുളം അതേപോലെ സംരഷിക്കപ്പെടണമെന്നും കാളിദാസ ഭട്ടതിരി പറഞ്ഞു.
ശബരിമലയിലെ ഭരണ സംവിധാനങ്ങൾ എസി മുറിയിൽ താമസിക്കുന്പോൾ പന്തളം രാജപ്രതിനിധിക്ക് അടിസ്ഥാന സൗകര്യം പോലും നൽകിയിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ചോ അനുഷ്ഠാനങ്ങളെക്കുറിച്ചോ യാതൊരു ബോധ്യവുമില്ലാതെയാണ് ഭരണരംഗത്തുള്ളവർ പെരുമാറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിൽ ജോലിക്കു നിയോഗിക്കപ്പെടുന്നവർക്കു മുൻപരിചയം ഉണ്ടാകണം. പതിനെട്ടാം പടിയുടെ താഴെ തൂണ് നിർമിച്ചതു മൂലമുണ്ടാകുന്ന തടസം മാറ്റണം. ഒരു മിനിട്ടിൽ പരമാവധി തീർഥാടകരെ പതിനെട്ടാംപടി കയറ്റി വിടാൻ കഴിയുന്ന ക്രമീകരണമാണുണ്ടാകേണ്ടതെന്ന് കാളിദാസഭട്ടതിരി അഭിപ്രായപ്പെട്ടു.
പന്തളത്തെ ക്രമീകരണങ്ങൾ പൂർണമല്ല
ശബരിമല തീർഥാടകരിൽ നല്ലൊരു പങ്കും പന്തളത്തെത്തിയാണ് പോകുന്നത്. എന്നാൽ തീർഥാടനകാലത്തിനു മുന്നോടിയായ ക്രമീകരണങ്ങൾ പന്തളത്ത് നേരത്തേതന്നെ ആരംഭിച്ച് പൂർത്തീകരിക്കാനാകുന്നില്ലെന്ന് കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി സുരേഷ് വർമ പറഞ്ഞു.
പന്തളത്തും സ്പോട്ട് ബുക്കിംഗ് സംവിധാനം വേണം. മുൻകാലങ്ങളിൽപന്തളത്തും സ്പോട്ട് ബുക്കിംഗ് സൗകര്യമുണ്ടായിരുന്നതാണ്. ഓരോ വർഷവും പന്തളത്തെത്തന്ന ഭക്തരുടെ എണ്ണം കൂടിവരികയാണ്. തിരുവാഭരണ യാത്രയിൽ ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സംവിധാനവും ഏർപ്പെടുത്തണം.
ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് വ്യക്തമായ അവബോധം ഉത്തരവാദപ്പെട്ടവരിലുണ്ടാകണം. പന്പാ നദിയിൽ തുണികൾ ഉപേക്ഷിക്കുന്നതുപോലുള്ള ആചാരങ്ങൾ ശബരിമലയിൽ ഇല്ല. ഇരുമുടിക്കെട്ടിൽ എന്തെല്ലാം സാധനങ്ങളാകാമെന്നതു സംബന്ധിച്ചു ഭക്തരിൽ അവബോധം ഉണ്ടാകണം. ഭക്തരുടെ ക്ഷേമവും സുഖദർശനവുമാകണം തീർഥാടനത്തിന്റെ മുഖ്യലക്ഷ്യമെന്നും സുരേഷ് വർമ പറഞ്ഞു.
ദേശീയ തീർഥാടന കേന്ദ്രമാകണം
ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇനിയും വൈകരുതെന്ന് അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ. ദേശീയ തീർഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുന്നതിലൂടെ തീർഥാടക ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീ പ്ലെയിൻ ഇറങ്ങിയിട്ടും ശബരിമലയിൽ ഇപ്പോഴും തിരക്ക് നിയന്ത്രിക്കുന്നത് വടം കെട്ടിയാണെന്നുള്ളത് ലജ്ജാകരമാണ്.
തീർഥാടകർ വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളുണ്ടാകുന്നില്ല. മുപ്പതോളം സർക്കാർ വകുപ്പുകൾ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഏകോപനം ഉണ്ടാകുന്നില്ല. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കോ ഓർഡിനേറ്ററായി നിയമിച്ച് ഏകോപനം ശക്തമാക്കാൻ നിയമനിർമാണം വേണം.
ശബരിമലയിൽ ഡ്യൂട്ടിയുടെ ഉത്തരവാദിത്വം വഹിക്കുന്നവർക്ക് മുൻകാല പരിചയം ഉണ്ടാകണം. കൂടുതൽ പേരെ പതിനെട്ടാംപടി കയറ്റാനും അതുവഴി ശബരിമല ദർശനം ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും അതു സാധ്യമാക്കാനും നടപടി വേണം.
പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം.നിലവിൽ മൂന്നു സ്ഥലങ്ങളിൽമാത്രമാണ് സ്പോട്ട് ബുക്കിംഗുള്ളത്. ദർശന സൗകര്യം ലഭിക്കാതെ ആരേയും തിരിച്ചയക്കരുത്. ഇടത്താവളങ്ങളിൽഅടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായിട്ടില്ലെന്നും വിജയകുമാർ പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മോഡറേറ്ററായിരുന്നു. സെക്രട്ടറി ജി. വിശാഖൻ പ്രസംഗിച്ചു.