വിധി അപ്രതീക്ഷിതമായില്ല; അന്വേഷണ മികവിൽ പോലീസ് സംഘം
1478584
Tuesday, November 12, 2024 8:00 AM IST
പത്തനംതിട്ട: അഞ്ചുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസും പ്രോസിക്യൂഷനും നടത്തിയ ശ്രദ്ധേയമായ നീക്കങ്ങൾക്കൊടുവിൽ നേടിയത് ശ്രദ്ധേയമായ വിധി. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് സ്വദേശി അലക്സ് പാണ്ഡ്യനെ (26) തൂക്കിലേറ്റാൻ ഇന്നലെ പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് ( പോക്സോ കോടതി ) ജഡ്ജി ജയകുമാർ ജോൺ വിധിക്കുന്പോൾ നിയമവിദഗ്ധർക്ക് അത് അപ്രതീക്ഷിതമായി തോന്നിയില്ല.
അത്രമാത്രം ചടുലമായ നീക്കങ്ങൾ പോലീസിലും കോടതിയിൽ പ്രോസിക്യൂഷനിലും ഈ കേസിലുണ്ടായി. കഴിഞ്ഞ അഞ്ചിന് പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തുകയും എന്നാൽ ശിക്ഷാവിധിക്കായി അന്തിമവാദം മാറ്റിവയ്ക്കുകയും ചെയ്തപ്പോൾതന്നെ പരമാവധി ശിക്ഷ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രോസിക്യൂഷനുണ്ടായി.
വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകിയതും സാഹചര്യത്തെളിവുകളും സഹായകമായി. കുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ, സമീപവാസികളുടെ മൊഴികൾ എന്നിവയെല്ലാം നിർണായകമായി. പ്രതിക്കു സഹായകമാകാവുന്ന ഒരു തെളിവുപോലും ഹാജരാക്കാൻ മറുഭാഗത്തിനായതുമില്ല.
തല, നെഞ്ച്, വയർ എന്നിവിടങ്ങളിൽ ഏറ്റ ഗുരുതരമായ പരിക്കുകൾ മരണത്തിന് കാരണമായതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ബലമേകി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നവീൻ എം. ഈശോയെ സർക്കാർ നിയമിക്കുകയായിരുന്നു.
സമയബന്ധിതമായി കേസ് നടത്തി പോക്സോ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ തെളിവുകളും കൃത്യമായി അവതരിപ്പിച്ച് പ്രോസിക്യൂഷൻ ശ്രദ്ധേയമായി. സമൂഹ മനഃസാക്ഷിയെതന്നെ ഞെട്ടിച്ച കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വാങ്ങി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ട ജില്ലയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ നവീൻ എം. ഈശോയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഓഫീസിലെ അഭിഭാഷക സംഘവും പ്രവർത്തിച്ചത്. പോക്സോ കേസുകളിൽ ശ്രദ്ധേയമായ വിധികൾ ഉണ്ടായിട്ടുള്ള പത്തനംതിട്ട കോടതികളിൽനിന്ന് സമാനമായ ഒരുകേസിൽ വധശിക്ഷയും വിധിക്കപ്പെട്ടു.
അറസ്റ്റിനു പിന്നാലെ പ്രതിയുടെ രക്ഷപ്പെടൽ
2021 ഏപ്രിൽ അഞ്ചിന് വൈകുന്നേരത്തോടെയാണ് അഞ്ചുവയസുകാരിയുടെ മരണത്തെ സംബന്ധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് പോലീസിനു വിവരം ലഭിക്കുന്നത്.
പത്തനംതിട്ട എസ്എച്ച്ഒ ആയിരുന്ന ഇൻസ്പെക്ടർ ബിനീഷ് ലാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തൽ ഉടനടി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘത്തിലെ ഓരോരുത്തർക്കും ഓരോ ചുമതല വീതിച്ചു കൊടുത്തിരുന്നു. പ്രതിയായി സംശയം പറഞ്ഞ അലക്സ് പാണ്ഡ്യനെ വൈകുന്നേരംതന്നെ കസ്റ്റഡിയിൽ എടുത്ത് പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ചു. പത്തനംതിട്ട കുലശേഖരപ്പേട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ഇയാൾ ആദ്യം ജീപ്പിൽനിന്നു പുറത്തുചാടി ചില്ല് തകർത്തിരുന്നു. രാത്രിയിൽ വിലങ്ങുമായി ലോക്കപ്പ് ചാടിയും ശ്രദ്ധേയനായി. രാത്രി മുഴുവൻനീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ കുന്പഴ തുണ്ടുമൺകരയിൽനിന്നു കണ്ടെത്തി. വിചാരണയ്ക്കിടയിൽ ഇയാൾ ഒരുതവണ ജീവനൊടുക്കാൻ ശ്രമിച്ചതും പോലീസിനെ കുഴച്ചു.
കുട്ടിയുടെ മാതാവിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ കുറ്റമറ്റ അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായിരുന്നു. സ്ഥിരമായി ഇയാൾ കുട്ടിയെ മർദിക്കുമായിരുന്നെന്ന് അവർ വെളിപ്പെടുത്തി.
കത്തികളും തവിയും മറ്റും ഉടനടി പോലീസ് വീട്ടിൽനിന്നും കണ്ടെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പിറ്റേന്ന് രാവിലെ ഒന്പതിന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട്ടിലെ ഇയാളുടെ താമസസ്ഥലത്തും കുട്ടിയെ മാരകമായി മർദിച്ച് പരിക്കേൽപ്പിച്ച ഫാമിലും എത്തി പത്തനംതിട്ട പോലീസ് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഇയാളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന മാറനേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, ഒരാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടാം പ്രതിയാണെന്നും കണ്ടെത്തിയിരുന്നു.
കൃത്യമായ പ്ലാനിംഗോടെ പഴുതടച്ച് അന്വേഷണം സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കി, ബിനീഷ് ലാൽ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മലയാലപ്പുഴ എസ്എച്ച്ഒ മനോജ് കുമാർ, വുമൺ സെൽ ഇൻസ്പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ് ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജൻ, സന്തോഷ്, എഎസ്ഐമാരായ സന്തോഷ്, ആൻസി, സിപിഒ അരുൺ ദേവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
തൊഴിൽ തേടി കേരളത്തിൽ, കുഞ്ഞ് തടസമായി
തമിഴ്നാട് രാജപാളയം സ്വദേശിയായ അലക്സ് തൊഴിൽ തേടിയാണ് കുമ്പഴയിലെത്തിയത്. തമിഴ്നാട് സ്വദേ ശിനിയായ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. വിവാഹിതയായ ഇവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. ഇതിൽ മൂത്ത കുട്ടിയാണ് ഒപ്പമുണ്ടായിരുന്നത്.
ആദ്യഭർത്താവ് ഇവരെ ഉപേക്ഷിച്ചതാണെന്ന് പറയുന്നു. എന്നാൽ ഭാര്യയെ കാണാനില്ലെന്നു കാട്ടി ഇയാൾ സ്വദേശത്തെ പോലീസിൽ നൽകിയ പരാതിയും പത്തനംതിട്ടയിൽനിന്നുള്ള അന്വേഷണസംഘം കാണാനിടയായി.
കുട്ടിയുടെ അമ്മ സമീപത്തെ വീടുകളിൽ ജോലിക്കുപോകുന്പോൾ അലക്സ് പാണ്ഡ്യനാണ് കുട്ടിയെ നോക്കിവന്നത്. ഇത്തരത്തിൽ സംഭവദിവസം പണിക്കുപോയി തിരിച്ചു വന്നപ്പോൾ കണ്ടത് ദേഹമാകെ മുറിവേറ്റ് അബോധാവസ്ഥയിലായ കുട്ടിയെയായിരുന്നു. അലക്സിനോട് ചോദിച്ചപ്പോൾ മർദനമായിരുന്നു മറുപടി.
തുടർന്ന് അയൽവാസികളോട് വിവരം പറയുകയും അവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് കോടതിയിൽ നൽകിയത്.
പോലീസിൽ ഇവർ ആദ്യം നൽകിയ മൊഴിയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞ് അലക്സ് പാണ്ഡ്യന് കുരുക്ക് തീർത്തത്. ഇന്നലെ വിധി കേൾക്കാൻ ഇവർ കോടതിയിലെത്തിയിരുന്നു.