മാർ തെയോഫിലോസ് ട്രോഫി ബാസ്കറ്റ്ബോൾ: തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇരട്ടി മധുരം
1478583
Tuesday, November 12, 2024 8:00 AM IST
തിരുവല്ല: പുഷ്പഗിരി ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന 15-ാമത് മാർ തെയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിനു വിജയം.
വനിതാ ഫൈനലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആതിഥേയരായ പുഷ്പഗിരി മെഡിക്കൽ കോളജിനെ (33-19) പരാജയപ്പടുത്തിയപ്പോൾ വീറും വാശിയുംനിറഞ്ഞ പുരുഷ ഫൈനലിൽ തിരുവനന്തപുരം വെഞ്ഞാറംമൂട് ഗോകുലം മെഡിക്കൽ കോളജിനെ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ (48-47) പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. തിരുവന്തപുരം മെഡിക്കോസിനുവേണ്ടി ചന്ദ്രേഷ് എസ്. നായർ 18 പോയിന്റുകൾ നേടി.
പ്രദർശന മത്സരത്തിൽ പുഷ്പഗിരിയിലെ അലുമിനി സ്റ്റുഡന്റ്സ്, പുഷ്പഗിരിയിലെ ഡോക്ടർമാരുടെയും പുരോഹിതരുടെയും സംയോജിത ടീമായ മാസ്റ്റേഴ്സിനെ (70 - 43) പരാജയപ്പെടുത്തി.
മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളജ് പുരുഷ, വനിതാ വിഭാഗം ജേതാക്കളായി. വനിതാ വിഭാഗത്തിൽ ആലപ്പുഴ ടിഡി മെഡിക്കൽ കോളജിനെയും (21-15) പുരുഷന്മാർ പുഷ്പഗിരി മെഡിക്കൽ കോളജിനെയും (25-22) പരാജയപ്പെടുത്തി വെങ്കലം കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി വെഞ്ഞാറംമൂട് ഗോകുലം മെഡിക്കൽ കോളജിൽനിന്നുള്ള ജെന്ന് ജോണിയെയും വനിതകളിൽ തിരുവന്തപുരം മെഡിക്കൽ കോളജിന്റെ നിഖിത ഡേവിസിനെയും തെരെഞ്ഞെടുത്തു.
പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ താരവും കേരള ടീം ക്യാപ്റ്റനുമായ ജിഷ്ണു ജി. നായർ ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. ഫാ. റോയി ആഞ്ഞിലിമൂട്ടിൽ സ്വാഗതവും ബോണു കെ. ബേബി നന്ദിയും പറഞ്ഞു.