ശബരിമല തീർഥാടനം : പോലീസ് സേന നാളെ ചുമതലയേൽക്കും
1478615
Wednesday, November 13, 2024 4:16 AM IST
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികൾക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേൽക്കും. ഭക്തരുടെ സുഗമമായ ദർശനം, ട്രാഫിക് നിയന്ത്രണം, വാഹനപാർക്കിംഗ് തുടങ്ങിയവയുടെ ക്രമീകരണത്തിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കിക്കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.
സന്നിധാനത്ത് കൺട്രോൾ റൂം നാളെ പ്രവർത്തനസജ്ജമാകും. ഓരോ കമ്പനി ആർഎഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ സംഘം നാളെ ഉച്ചയ്ക്ക് ചുമതലയേൽക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്പെഷൽ ഓഫീസർമാരായി സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമതലയിലുണ്ടാകും.
ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷൽ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്ഒ ആയി സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്പി ടി.ഫെറാഷും നിലയ്ക്കലിൽ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും ( സീനിയർ )നിയമിതാരായിട്ടുണ്ട്.
താത്കാലിക പോലീസ് സ്റ്റേഷനുകൾ ഇന്നു മുതൽ
ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഇന്നാരംഭിക്കും. 2025 ജനുവരി 20 വരെ ഇവ പ്രവർത്തിക്കും. മൂന്നിടങ്ങളിലേക്കും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായിജില്ലാ പോലീസ് മേധാവി പറഞ്ഞു.
സുഗമമായ ദർശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ പോലീസ് സേവനം കാര്യക്ഷമമായി തുടരും. ഇന്നു മുതൽ ഡിസംബർ 17 വരെയുള്ള ആദ്യഘട്ടത്തിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് താത്കാലിക പോലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.
മൂന്നിടങ്ങളിലെയും എസ്എച്ച്ഒമാർക്ക് ഇന്നു മുതൽ ഡിസംബർ രണ്ടു വരെയുള്ള 20 ദിവസത്തേക്കാണ് നിയമനം. സന്നിധാനത്ത് തിരുവല്ല എസ്ഐ അനൂപ് ചന്ദ്രനും നിലയ്ക്കലിൽ അടൂർ എസ്ഐ ബാലസുബ്രഹ്മണ്യനും വടശേരിക്കരയിൽ കൊടുമൺ എസ്ഐ വിപിൻ കുമാറും എസ്എച്ച് ഒമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്. വിവിധ റാങ്കിലുള്ള 20 പോലീസുദ്യോഗസ്ഥരെ സന്നിധാനത്തും16 പേരെ നിലയ്ക്കലും 12 പേരെ വടശേിക്കരയിലും നിയമിച്ചു.
ക്യൂ എം സ്റ്റോർ, ബോംബ് ഡീറ്റെക്ഷൻ സ്ക്വാഡ്, സിസിടിവി എന്നിവയിലേക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം
സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസരപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, വേഗത്തിലുള്ള നടപടികൾ ഉദ്ദേശിച്ചുള്ള കൺട്രോൾ റൂം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി.
തീർഥാടനവുമായി ബന്ധപ്പെട്ട് പോലീസ് പ്രവർത്തനങ്ങളുടെ ഏകോപനവും അതിവേഗത്തിലുള്ള നടപടികളും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങൾക്കും സഹായങ്ങൾക്കും 14432 എന്ന പോലീസ് ഹെൽപ്ലൈൻ നമ്പരിൽ വിളിക്കാവുന്നതാണ്. ഇമെയിൽ ഐ ഡി [email protected]