ഫേസ് ബുക്ക് പേജിലെ കടന്നുകയറ്റം: അന്വേഷണം വേണമെന്നതിലുറച്ച് സിപിഎം
1478577
Tuesday, November 12, 2024 8:00 AM IST
പത്തനംതിട്ട: ‘പാലക്കാട് എന്ന സ്നേഹ വിസ്മയം' അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പ്രചാരണ ദൃശ്യം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെത്തിയതു സംബന്ധിച്ച് പോലീസ് അന്വേഷണം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഞായറാഴ്ചതന്നെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. പേജ് ഹാക്ക് ചെയ്തിട്ടുണ്ടെന്നുതന്നെയാണ് പാർട്ടി കരുതുന്നത്. ഇക്കാര്യം അന്വേഷിച്ചു മറുപടി പറയേണ്ടത് പോലീസാണെന്ന് ഉദയഭാനു അഭിപ്രായപ്പെട്ടു.
ഇതിനിടെ രാഹുലിന്റെ പ്രചാരണ ദൃശ്യം സിപിഎം പേജിൽ കടന്നു കൂടിയത് അഡ്മിന്മാരുടെ കൈ അബദ്ധം മൂലമുണ്ടായതാണെന്നും പറയുന്നു. പേജിന്റെ അഡ്മിന്മാര്ക്ക് ശാസന നല്കി പ്രശ്നം പറഞ്ഞു തീര്‍ക്കാനുള്ള ശ്രമവുമുണ്ട്.
എന്നാൽ സംഭവം സിപിഎമ്മിനെതിരേ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്, ബിജെപി നേതാക്കൾ രംഗത്തുവന്നതോടെ പോലീസ് അന്വേഷണത്തിൽ ഉറച്ചു മുന്‍പോട്ടു പോകാൻ സിപിഎം തീരുമാനിച്ചത്.
ശനിയാഴ്ച രാത്രിയില്‍ ഫേസ് ബുക്ക് പേജില്‍വന്ന വീഡിയോ ഒഴിവാക്കിയെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്താന്‍ ജില്ലാ സെക്രട്ടറി അടക്കം നിര്‍ബന്ധിതനാകുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വീടുകളിലെത്തി വോട്ടുതേടുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് അടിക്കുറിപ്പായാണ് പാലക്കാട് എന്ന സ്നേഹവിസ്മയം ചേര്‍ത്തത്.