ഇരട്ടസഹോദരിമാരെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവ്
1478618
Wednesday, November 13, 2024 4:16 AM IST
പത്തനംതിട്ട:ഏഴുവയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുളനട കുറിയാനിപ്പള്ളിൽ, ആശാഭവൻ വീട്ടിൽ ശിവദാസനെ (67) പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു പിഴ ഒടുക്കാതിരുന്നാൽ ഏഴുവർഷം അധിക കഠിനതടവും അനുഭവിക്കണം.
2023 കാലയളവിൽ ശിവദാസൻ പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ടിവി കണ്ടുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു. കുട്ടികളുടെ വീടുമായി മുൻപരിചയം ഉണ്ടായിരുന്ന പ്രതി കുട്ടികളുടെ പിതാവ് സമീപത്തുള്ള വീട്ടുടമസ്ഥനുമായി സംസാരിച്ചു നിൽക്കുന്നതും കുട്ടികളുടെ മാതാവ് വീട്ടിലില്ലെന്ന കാര്യവും മനസിലാക്കിയാണ് വീട്ടിൽ അതിക്രമിച്ചു കടന്നത്.
പിതാവ് വീട്ടിലെത്തിയപ്പോൾ കർട്ടന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം ചോദിച്ചതിൽ വച്ച് സഹോദരിമാർ ഇരുവരും പിതാവിനോട് സംഭവം വിശദീകരിക്കുകയും ഇലവുംതിട്ട പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പെൺകുട്ടികളുടെ മൊഴി പ്രത്യേകമായി രേഖപ്പെടുത്തി വെവ്വേറെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും ഒന്നര ലക്ഷം രൂപയും ശിക്ഷവിധിച്ചിട്ടുണ്ട്. രണ്ട് കേസിലെയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
ഇരുകേസുകളും അന്വേഷണം നടത്തിയത് ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദീപുവാണ്.