ശബരിമല വാർഡ് കോന്നി മെഡി. കോളജിൽ; യാത്ര പ്രശ്നംതന്നെ
1478632
Wednesday, November 13, 2024 4:30 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ഇക്കുറി ബേസ് ആശുപത്രിയായി പരിഗണിച്ചിട്ടുള്ള കോന്നി സർക്കാർ മെഡിക്കൽ കോളജിൽ പ്രത്യേകവാർഡ് തുറക്കും. ഇതാദ്യമായി ശബരിമല വാർഡ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു മാറ്റി കോന്നിയിലേക്കായിരിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾക്ക് പുതിയ കെട്ടിടം പണിയുന്ന സാഹചര്യത്തിൽ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് ശബരിമല വാർഡ് കോന്നി മെഡിക്കൽ കോളജിനു നൽകിയത്.
30 കിടക്കകളാണ് കോന്നി മെഡിക്കൽ കോളജിലെ ശബരിമല വാർഡിൽ അനുവദിച്ചിരിക്കുന്നത്. മൂന്ന് ഐസിയു കിടക്കകളും രണ്ട് വെന്റിലേറ്ററുകളും ഉണ്ടാകും. 108 ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.
സ്പെഷൽ ഡ്യൂട്ടിക്കായി ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. എന്നാൽ അവരുടെ താമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ഇതിനിടെ കോന്നി മെഡിക്കൽ കോളജിലേക്കുള്ള യാത്രയെ സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. പന്പയിൽ നിന്നും ആംബുലൻസും മറ്റും ഏതുവഴിയിലൂടെ കോന്നിയിലെത്തുമെന്നതിലാണ് തർക്കം. പ്ലാപ്പള്ളി, ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് വഴിയുള്ളപാത ദൈർഘ്യക്കുറവെങ്കിലും യാത്രയ്ക്ക് അനുയോജ്യമല്ല.
സീതത്തോട്ടിൽ പാലം പണിക്കായി പാത അടയ്ക്കുകകൂടി ചെയ്തിരിക്കുകയാണ്. ചിറ്റാർ - മൺപിലാവ് - തണ്ണിത്തോട് പാത ആംബുലൻസുകളുടെ യാത്രയ്ക്ക് അനുയോജ്യവുമല്ല. നിലവിലെ സാഹചര്യത്തിൽ പെരുന്നാട്, വടശേരിക്കര, മൈലപ്ര, കുന്പഴ വഴി മാത്രമേ കോന്നി മെഡിക്കൽ കോളജിലെത്താനാകൂ. ഇത് ദൂരക്കൂടുതലാണ്.