ആനാട് മൃഗാശുപത്രി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു
1479048
Thursday, November 14, 2024 6:53 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ക്ഷീര കർഷകർക്കും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്കും ആശ്രയമായ ആനാട് മൃഗാശുപത്രിയുടെ പ്രവർത്തനം ഒരാഴ്ചയായി പനവൂർ മൃഗാശുപത്രിയിലേക്ക് മാറ്റിയതു ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടു കാർ ആരോപിച്ചു.
നിലവിലെ പഞ്ചായത്ത് ഭരണസമിതി കിള്ളിയാറിനു കുറുകെ ആനാട് മാർക്കറ്റിനു സമീപം നിർമിച്ച പാലവും പാർശ്വഭിത്തിയും കാരണം മൃഗാശുപത്രിയിലും മാർക്കറ്റിലും സമീപത്തെ വീടുകളിലും വെള്ളം കയറാൻ ഇടയായതാണ് ആശുപത്രി ഇവിടെ നിന്നും മാറ്റാനുള്ള കാരണം.
മൃഗാശുപത്രി പ്രവർത്തിപ്പിക്കുന്നതിനു പകരം സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ പഞ്ചായത്ത് അധികാരികൾക്കു കത്തു നൽകിയെങ്കിലും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടർന്നാണ് ആനാട് മൃഗാശുപത്രിയുടെ പ്രവർത്തനം പനവൂരിലേക്ക് മാറ്റിക്കൊണ്ട് മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്.
ആനാട് മൃഗാശുപത്രിയെ ആശ്രയിക്കുന്ന ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർ ഈ ഉത്തരവ് കാരണം നെട്ടോട്ടത്തിലാണ്. മൃഗാശുപത്രി നിലനിർത്തുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തയാറാകുമെന്ന് ആനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.