നെയ്യാറ്റിന്‍കര ഉപജില്ലാ കലോത്സവം : ഗവ. ഗേള്‍സ് എച്ച്എസ്എസ് ഒന്നാമത്; സെന്റ് തെരേസാസിനു രണ്ടാംസ്ഥാനം
1479041
Thursday, November 14, 2024 6:41 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തില്‍ ജനറൽ വിഭാഗത്തിൽ 423 പോയിന്റുമായി നെയ്യാറ്റിൻകര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും 372 പോയിന്റുമായി സെന്റ് തെരേസാസ് കോൺവന്റ് സ്കൂള്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
എച്ച്എസ്എസ് വിഭാഗത്തില്‍ ഓവറോൾ ചാന്പ്യന്‍ഷിപ്പ് പൂവാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളും പങ്കിട്ടു. എച്ച്എസ് വിഭാഗത്തില്‍ നെയ്യാറ്റിൻകര ഗവ. ഗേള്‍സ് എച്ച്എസ്എസും യുപി, എല്‍പി വിഭാഗങ്ങളില്‍ സെന്റ് തെരേസാസ് കോൺവന്റ് സ് കൂളും ഒന്നാം സ്ഥാനത്തെത്തി.
സംസ്കൃത കലോത്സവത്തിൽ 141 പോയിന്റോടെ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും 73 പോയിന്റുമായി കഴിവൂർ ഗവ. ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ 146 പോയിന്റുനേടി അരുമാനൂര്‍ എംവി എച്ച് എസ്എസ് ഒന്നാം സ്ഥാനവും 134 പോയിന്റുനേടി പൂവാർ ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മാരായമുട്ടം ഗവ. എച്ച്എസ്എസില്‍ നടന്ന ഉപജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബിന്ദു റാണി, മാരായമുട്ടം ഗവ എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് റെജികുമാർ, വാർഡ് അംഗങ്ങളായ ശ്രീരാഗ്, ഷിസി, ഗവ. എല്‍പിഎസ് പിടിഎ പ്രസിഡന്റ് സുദിൻകുമാർ, എച്ച്എം ഫോറം സെക്രട്ടറി അജികുമാർ എന്നിവര്‍ പങ്കെടുത്തു.