ബാലരാമപുരം ഉപജില്ല കലോത്സവം ഇന്ന് സമാപിക്കും
1478819
Wednesday, November 13, 2024 7:14 AM IST
നെയ്യാറ്റിന്‍കര : കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ബാലരാമപുരം ഉപജില്ലാ കലോത്സവം ഇന്ന് സമാപിക്കും. മത്സരങ്ങളിലെ ഒന്നാം സമ്മാനാര്‍ഹര്‍ക്ക് ഇക്കുറി സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ട്രോഫികളും നല്കാന് തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഓവറോള്‍ ചാന്പ്യന്മാര്ക്ക് മാത്രമായിരുന്നു ട്രോഫികള്‍ സമ്മാനിച്ചിരുന്നതെന്ന് സംഘാടക സമിതി.
കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മോഹനം, ഹംസധ്വനി, ശിവരഞ്ജിനി, ചന്ദ്രകാന്തം, കല്യാണി, നാദധ്വനി, തരംഗിണി, നീലാംബരി എന്നിങ്ങനെ എട്ട് വേദികളിലായിട്ടാണ് നാലു ദിന കലോത്സവം സംഘടിപ്പിക്കപ്പെട്ടത്.
വ്യക്തിഗത ഇനങ്ങളില്‍ മത്സരാര്‍ഥികളുടെ സജീവ പങ്കാളിത്തം അനുഭവപ്പെട്ടെങ്കിലും നാടകം, ഒപ്പന, വട്ടപ്പാട്ട് മുതലായ ഗ്രൂപ്പ് മത്സരങ്ങളില്‍ വിരലിലെണ്ണാവുന്ന എണ്ണം ടീമുകളുടെ സാന്നിധ്യമേയുണ്ടായിരുന്നുള്ളൂ. മത്സരങ്ങളുമായി ബന്ധപ്പെട്ട ചെലവുകളുടെ പേരിലാണ് ഇത്തരം ഇനങ്ങള്‍ക്ക് കലോത്സവത്തില്‍ മത്സരാര്‍ഥികള്‍ കുറയുന്നതെന്ന് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ആകെയുള്ള 351 ഇനങ്ങളില്‍ 265 വ്യക്തിഗതവും 86 ഗ്രൂപ്പുമാണ്.
ഇന്ന് രാവിലെ ഒന്‍പതിന് മത്സരങ്ങള്‍ പുനഃരാരംഭിക്കും. വൈകുന്നേരം 3.30 ന് ചേരുന്ന സമാപന സമ്മേളനം അഡ്വ. എം. വിന്‍സന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ അധ്യക്ഷയാകും. എഇഒ കവിതാ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി മന്മോഹന്, വാര്‍ഡ് മെന്പര്‍മാരായ ജി. ഗീത, കെ.എസ് ശ്രീലതാദേവി, വിഎച്ച്എസ്സി പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് വി. സുനില്‍കുമാര്‍, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എസ്.ആര് ഷിജി, എംപിടിഎ പ്രസിഡന്റ് ബി.ആര്.ഷീജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എസ് സന്ധ്യ എന്നിവര്‍ പ്രസംഗിക്കും.
ഉമ്മാക്കിപ്പണ്ടാരം മികച്ച നാടകം
നെയ്യാറ്റിന്‍കര : ബാലരാമപുരം ഉപജില്ലാ കലോത്സവത്തില്‍ ഉമ്മാക്കിപ്പണ്ടാരം മികച്ച നാടകം.
പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് യുപി വിഭാഗത്തില്‍ ഉമ്മാക്കിപ്പണ്ടാരവുമായി അരങ്ങിലെത്തിയത്.
നാടകാചാര്യന് ജി. ശങ്കരപ്പിളയ്ക്ക് ആദരം അര്‍പ്പിച്ച് തുടങ്ങിയ നാടകം ഉമ്മാക്കിയുടെയും കൂട്ടരുടെയും ഒത്തിണക്കമാര്ന്ന പ്രകടനങ്ങളിലൂടെ വിധികര്‍ത്താക്കളുടെയും സദസിന്റെയും പ്രശംസ പിടിച്ചുപറ്റി. ബി.എസ് അശ്വിനാണ് ഉമ്മാക്കിപ്പണ്ടാരം എന്ന മുഖ്യകഥാപാത്രത്തിന് ജീവന് നല്‍കിയത്.
ശ്രീഹരി, അക്ഷയലാൽ, പ്രജീഷ്, ജീവാ സുരേഷ്, അഭിരാമി, ആദിദേവ്, ഇഷാൻ, ബിഥുൻ രാജ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മാറഞ്ചൽ അരുൺ, യുഎസ് കുമാർ, വി.ആര് അനൂപ് എന്നിവര്‍ ഈ വിദ്യാര്‍ഥികള്‍ക്ക് സംവിധാന സഹായമേകി.