അമ്പലമുക്ക് വിനീത കൊലക്കേസ് : സാക്ഷി വിസ്താരം പൂര്‍ത്തിയായി
1479037
Thursday, November 14, 2024 6:41 AM IST
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാരചെടി വില്പനശാലയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനു തമിഴ്നാട്ടിലെയും കേരളത്തിലെയും ഫോറന്‍സിക് വിദഗ്ദരും പോലീസ് ഉദ്യോഗസ്ഥരുമടക്കം 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിച്ചത്. തുടര്‍ നടപടികളുടെ ഭാഗമായി സാക്ഷി മൊഴികളിലെ നിജസ്ഥിതി കോടതി നേരിട്ട് പ്രതിയോട് ചോദിച്ച് മനസിലാക്കും.
കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. ഉന്നത ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംഗിനു വേണ്ടിയുളള പണത്തിനാണ് പലപ്പോഴും കൊലപാതകങ്ങള്‍ ചെയ്തിരുന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു.
വിനീതയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, 13 കാരി മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജീവനക്കാരനായി എത്തിയത്.
സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സമാന രീതിയിലാണ് പ്രതി വിനീതയെയും കൊലപ്പെടുത്തിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്റെ ആവശ്യപ്രകാരമാണ് കോടതി തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ജ്യൂവനപുഡി മഹേഷ് ഐപിഎസ്, കന്റോൺമെന്റ് എസി വി.എസ്. ദിന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തലസ്ഥാനത്തുള്ള പ്പോഴാണ് പട്ടാപ്പകല്‍ പ്രതി അമ്പലമുക്കിലെ കടയില്‍ കടന്നു കയറി വിനീതയെ കൊലപ്പെടുത്തി നാലര പവന് തൂക്കമുളള സ്വര്‍ണമാല കവര്‍ന്നത്.
2022 ഫെബ്രുവരി ആറിനായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്കു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.