മോഷണക്കേസ് പ്രതിയും കൂട്ടാളികളും എംഡിഎംഎയുമായി പിടിയിൽ
1478464
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: എംഡിഎംഎയുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നയാളെയും രണ്ടു കൂട്ടാളികളെയും പൊലീസ് പിടികൂടി. വെള്ളനാട് കുളക്കോട് ഉത്രംവീട്ടിൽ രമേശ് (40), വലിയ വേളി ജാസ്മിൻ ഹൗസിൽ ബൈജു പെരേര (33), ചെറിയതുറ പുതുവൽ ഹൗസിൽ റോയ് ബെഞ്ചമിൻ (31) എന്നിവരാണ് സിറ്റി സാഗോക്ക് ടീമും ശ്രീകാര്യം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടു ജയിലിൽ നിന്നിറങ്ങിയശേഷം ശ്രീകാര്യം കല്ലമ്പള്ളി ഭാഗത്തു വീടുവാടകയ് ക്കെടുത്താണ് ഇയാളും മറ്റു രണ്ടുപേരും ചേർന്നു മയക്കുമരുന്നു കച്ചവടം നടത്തിവന്നിരുന്നത്. കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെയും സംഘത്തെയും വീടു വളഞ്ഞാണ് പോലീസ് പിടികൂടിയത്. പിടികൂടുന്ന സമയം 18 ഗ്രാം എംഡിഎംഎയും ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരവധി സിറിഞ്ചുകൾ, ക്രിസ്റ്റൽ ബൗളുകൾ, മയക്കുമരുന്ന് അളന്നു തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, എന്നിവ പിടികൂടി. മുൻപ് മണ്ണന്തല, നാലാഞ്ചിറ, വട്ടപ്പാറ, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി വീടുകൾ മോഷണങ്ങൾ നടത്തിയിട്ടുള്ളയാളാണ് രമേശ്.
മോഷണശേഷം മുളകുപൊടി വിതറി പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതാണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ സംഘത്തെയും റിമാൻഡ് ചെയ്തു. മൂവർ സംഘത്തെ കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.