മരണക്കെണിയൊരുക്കി ഉത്തരംകോട്-കൊടുക്കറ റോഡ്
1478798
Wednesday, November 13, 2024 7:02 AM IST
കാട്ടാക്കട : മരണക്കെണിയായി ഉത്തരംകോട്- കൊടുക്കറ റോഡ്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ആശ്രയിക്കുന്ന റോഡിനെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സമരത്തിനരൊരുങ്ങി നാട്ടുകാർ.
കുറ്റിച്ചൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ്. വൻ സമരത്തിനും നിവേദനങ്ങൾക്കും ശേഷമാണ് ഈ റോഡ് നിർമിച്ചത്. അഗസ്ത്യവനത്തോടുചേർന്നു പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് ഉത്തരംകോട് ഹൈസ്കൂൾ. വനമേഖലയിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.
ഒന്നര വർഷക്കാലമായി ഈ റോഡിന്റെ അവസ്ഥ ഇതുതന്നെയാണ്. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്കു പോകുന്ന മെയിൽ റോഡിനോടു ചേർന്നാണ് ഈ ഇടവഴിയുള്ളത്. ഈറോഡ് തച്ചൻകോഡ് എരുമക്കുഴി റോഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വാഹനവും അതുവഴി കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മഴ വന്നാൽ ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മെറ്റൽ ആന പരിപാലന കേന്ദ്രത്തിലേക്കു പോകുന്ന മെയിൻ റോഡിലേക്കിറങ്ങി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. മെറ്റലിൽ തെന്നി ബൈക്ക് യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. ഇതുവഴി ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാത്ത സാഹചര്യമാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി റോഡ് പുതുക്കിപ്പണിയുമെന്നു വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പുതിയ ഭരണസമിതി വന്നിട്ടും അവസ്ഥ പഴയതു തന്നെ. നിലവിലെ വാർഡ് മെമ്പറിനോടോ പഞ്ചായത്ത് പ്രസിഡന്റിനോടോ ഈ ആവശ്യം ഉന്നയിക്കുമ്പോൾ ഇന്നു ചെയ്യാം നാളെ ചെയ്യാം എന്ന മറുപടി മാത്രമാണ് ബാക്കിയെന്നു നാട്ടുകാർ ആരോപിക്കുന്നു.
പഞ്ചായത്ത് റോഡായതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചേ ഇത് ചെയ്യാനാകൂ. എന്നാൽ റോഡിനായി ഫണ്ട് വകയിരുത്തില്ലെന്നും പരക്കെ പരായിയുണ്ട്. ഈ റോഡിനായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കൈവിട്ട നിലയിലാണ്. കഴിഞ്ഞ മൂന്നു തവണയും തെരഞ്ഞെടുപ്പു വാഗാദാനമായിരുന്നു ഈ റോഡ് വികസനം.
അതു ജയിച്ചവരും തോറ്റവരും മറന്ന മട്ടാണ്. ഈ റോഡിലൂടെ ജീവൻ പണയംവെച്ചാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണു നാട്ടുകാർ പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. സമീപത്തെ പഞ്ചായത്ത് റോഡുകൾ ഒക്കെ നവീകരിച്ചെങ്കിലും ഈ റോഡിനു കടുത്ത അവഗണനയാണെന്നും പരക്കെ ആക്ഷേപമുണ്ട്.