മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതി അറസ്റ്റില്‍
1478793
Wednesday, November 13, 2024 7:02 AM IST
പൂന്തുറ: മുക്കുപണ്ടം സ്വര്‍ണമെന്നു തെറ്റിധരിപ്പിച്ചു പണയംവച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ വില്ലേജില്‍ കോട്ടുകാല്‍ ദേശത്ത് ഹൗസ് നമ്പര്‍ -112 കുഴിയംവിള വീട്ടില്‍ മുസ്തഫയുടെ മകന് നുജുമി (പ്രകാശ് -50)നെ യാണ് അറസ്റ്റ് ചെയ്തത്.
ആസാദ് നഗറിലുളള കെഎല്‍പി ഫൈനാന്‍സിലെത്തിയ പ്രതി 916 മുദ്ര പതിപ്പിച്ച 23.4 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്നു സ്ഥാപനത്തിലെ ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ച് പണയംവച്ച് 1,12, 000 രൂപ തട്ടിയെടുക്കുകയായിരുന്നു.
സ്ഥാപന ഉടമ ദിവസങ്ങള്‍ക്കുശേഷം നടത്തിയ വിശദമായ പരിശോധനയില്‍ പണയവസ്തു വ്യാജമാണെന്നു മനസിലായതിനെ തുടര്‍ന്ന് പൂന്തുറ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.