കാച്ചാണി ദേവി ലെയിന്‍ റോഡ് ശോച്യാവസ്ഥയിൽ
1478800
Wednesday, November 13, 2024 7:02 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭാ പരിധിയിലെ കാച്ചാണി ദേവി ലെയിന്‍ റോഡ് വര്‍ഷങ്ങളായി തകര്‍ച്ചയിലെന്ന് പരാതി. റോഡ് തകർന്നതിനെ തുടർന്നുണ്ടായ കുഴികൾ നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നതായും പരാതി. മഴക്കാലത്ത് ഇരുചക്രവാഹനങ്ങളടക്കം ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നതെന്ന് യാത്രക്കാർ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ പരിഹാരം കാണണമെന്നു നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും ഡിസിസി അംഗം കാച്ചാണി സനില്‍ പറയുന്നു. റോഡിന് 400 മീറ്റര്‍ നീളമുണ്ട്.
കഴിഞ്ഞ എട്ടു വര്‍ഷമായി റോഡ് തകര്‍ന്നു കിടക്കുകയാണ്. തിരുവനന്തപുരം നഗരസഭയുടെയും കരകുളം പഞ്ചായത്തിന്റെയും അതിര്‍ത്തിപ്രദേശത്തു വരുന്നതാണ് റോഡ്. ഇടയ്ക്ക് റോഡ് ടാര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജി.ആര്.അനില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ക്കു പരാതിയുണ്ട്.
റോഡ് അടിയന്തരമായി ടാര്‍ചെയ്യാത്ത പക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് റോഡുപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.