ശത്രുവിനെ ആക്രമിക്കാൻ പോലീസുകാരൻ വക ക്വട്ടേഷൻ..!
1479040
Thursday, November 14, 2024 6:41 AM IST
പാറശാല: കാലങ്ങളായി ശത്രുതയിലുള്ളയാളെ ആക്രമിക്കാന്‍ പോലീസുകാരന് ആശ്രയിച്ചത് നഗരത്തിലെ പ്രമുഖ ഗുണ്ടയെ. ക്വട്ടേഷന്‍ നല്കാന് സഹായവുമായി അഭിഭാഷകനും. ചെങ്കലില്‍ മൂന്നാഴ്ച മുന്‍പ് യുവാവിനെ അകാരണമായി ഗുണ്ടാസംഘം ആക്രമിച്ചതിലെ അന്വേഷണമാണ് പോലീസും അഭിഭാഷകനും ചേര്‍ന്നു നല്കിയ ക്വട്ടേഷനിലേക്ക് എത്തിയത്.
ഒക്ടോബര്‍ 19ന് പെയിന്റിംങ് തൊഴിലാളിയായ സജു ജോലി കഴിഞ്ഞു മടങ്ങവേയാണ് ഗുണ്ടാത്തലവനായ ആട് സജിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. അന്വേഷണത്തില്‍ ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയ എ ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് പി. ബൈജുവിനെ ഒന്നാം പ്രതിയാക്കി കേസില്‍ ഉള്‍പ്പെടുത്തി.
ഇയാളുടെ സുഹൃത്തും വ്ളാത്താങ്കര സ്വദേശിയുമായ അഭിഭാഷകന് അഖിലിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ബൈജുവും അഖിലും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പാറശാല പോലീസ് കഴിഞ്ഞദിവസം പിടികൂടി. തിരുവല്ലം പാലറകുന്ന് വീട്ടില്‍ ആട് സജി എന്ന സജി (42), ചെങ്കല്‍ കടുക്കറ വീട്ടില്‍ അജി (37), മാരായമുട്ടം കടവന്‍കോട് കോളനിയില്‍ സുജിത്ത് (36), പെരുമ്പഴുതൂര്‍ കടവന്‍കോട് കോളനിയില്‍ രവി (45) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ചെങ്കല്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ സജുവും പോലീസ് ഉദ്യോഗസ്ഥനായ ബൈജുവും തമ്മില്‍ ശത്രുതയിലാണ്. പലതവണ ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. സജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികളെത്തിയ വാഹന നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സജി പിടിയിലായത്.
യാദൃച്ഛിക സംഭവമെന്ന നിലയിലാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും സജി ചെങ്കലില്‍ എന്തിനുവന്നു എന്നതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ആക്രമണം നടത്താൻ മുന്‍കൂറായി 25,000 രൂപ ബൈജു കൈമാറിയതിന്റെ രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാറശാല എസ്എച്ച്ഒ എസ്.എസ്. സജി, എസ്ഐ മാരായ ഹര്‍ഷകുമാര്‍, വേലപ്പന്‍നായര്‍, അനന്തകുമാര്‍, സിപിഒമാരായ സാജന്, ഷാജന്, ജോയി, രഞ് ജിത്ത്, അജു, വിപിന്‍, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.