നന്തന്‍കോട് കൂട്ടക്കൊലക്കേസ്: വിചാരണ ആരംഭിച്ചു
1479042
Thursday, November 14, 2024 6:41 AM IST
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു.
കേസിന്റെ ഭാഗമായി പ്രതി കേദല്‍ ജിന്സണ് രാജയുടെ അമ്മാവന് ജോസിനെ ഇന്നലെ വിസ്തരിച്ചു. കൊലപാതകം നടന്ന ദിവസം പ്രതിയെ കാണുമ്പോള്‍ പ്രതിയുടെ കാലില്‍ തീ പൊള്ളല്‍ ഉണ്ടായിരുന്നു.
ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചപ്പോള്‍ മാലിന്യങ്ങള്‍ കത്തിച്ചതാണെന്നു മറുപടി പറഞ്ഞതായി ജോസ് മൊഴി നല്കി. കേദലിന്റെ വീട്ടുജോലിക്കാരായ ദാസമ്മ, രഞ്ജിത എന്നിവരെ ഇന്നു വിസ്തരിക്കും.
ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേദല്‍ ജിന്സണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
മുഖ്യപ്രതിയായ കേദലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.