തീയ്ക്കെന്ത് ജഡ്ജി!
Tuesday, March 25, 2025 12:00 AM IST
ജസ്റ്റീസ് യശ്വന്ത് വർമ കുറ്റവാളിയാണോയെന്ന് സുപ്രീംകോടതി കണ്ടുപിടിക്കട്ടെ. അതുവരെ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ, ആളില്ലാത്ത സമയത്ത് വീടിനു തീ പിടിച്ചാൽ ചില ന്യായാധിപരെങ്കിലും കുടുങ്ങിയേക്കും.
ജഡ്ജിയുടെ വീട്ടിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തുന്ന സംഭവം അത്യപൂർവമാണ്. അതിന്റെ കാരണങ്ങളിലൊന്ന് ജഡ്ജിമാരുടെ വീട്ടിലേക്ക് അന്വേഷണ ഏജൻസികളോ മാധ്യമങ്ങളോ കടന്നുചെല്ലാറില്ല എന്നതാണ്. അവർക്ക് പലവിധ നിയമ പരിരക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ വീട്ടിലും ചാക്കുകണക്കിനു നോട്ടുകെട്ടുകൾ കണ്ടെത്തിയത് അന്വേഷണത്തിന്റെ ഭാഗമായിട്ടല്ല.
തീയണയ്ക്കാനെത്തിയവർ അറിയാതെ കണ്ടുപോയതാണ്. സുപ്രീംകോടതി ആഭ്യന്തര അന്വേഷണം തുടങ്ങിയെങ്കിലും തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് സംഭവമെന്ന് ജഡ്ജി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, രാജ്യത്തെ നിയമസംവിധാനത്തെയാകെ സംശയനിഴലിലാക്കിയ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അല്ലെങ്കിൽ ജഡ്ജി പ്രതിക്കൂട്ടിൽ നിൽക്കണം. ജനത്തിന്റെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ.
കഴിഞ്ഞ 14നു രാത്രി ജസ്റ്റീസ് യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനയാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. മാർച്ച് 21നാണ് വാർത്ത പുറത്തുവന്നത്. കുറേ നോട്ടുകെട്ടുകൾ കത്തിത്തീരാറായ നിലയിലായിരുന്നു. സംഭവസമയത്ത് ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ, കേസ്, അട്ടിമറിക്കപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്.
രാത്രി 11.30നു പണം കണ്ടെത്തിയെങ്കിലും അടുത്ത ദിവസം വൈകുന്നേരം 4.30നാണ് പോലീസ് വിവരം ചീഫ് ജസ്റ്റീസിനെ അറിയിച്ചത്. വീട്ടിലെ സ്റ്റോർ റൂമിൽനിന്നു കണ്ടെത്തിയ നോട്ടുകെട്ടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും തനിക്കെതിരേ എന്തോ നീക്കം നടക്കുന്നുണ്ടെന്നുമാണ് ജസ്റ്റീസ് യശ്വന്ത് വർമ പ്രതികരിച്ചത്.
ഇതിനിടെ, ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയിട്ടില്ലെന്നും തന്റെ പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നുമുള്ള പ്രസ്താവനയുമായി ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് രംഗത്തു വന്നു. പോലീസിന്റെയും അഗ്നിശമനസേനയുടെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
എന്തായാലും, സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ റിപ്പോർട്ട് നൽകുകയും സുപ്രീംകോടതി, മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റീസ് യശ്വന്ത് വർമയെ ജുഡീഷൽ ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
2018ലെ സിംഭോലി പഞ്ചസാര മിൽ-ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കന്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന യശ്വന്ത് വർമ സിബിഐയുടെ എഫ്ഐആറിലുണ്ട്. ജഡ്ജിമാരുടെ നിയമനം മുതൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും നിയമസംവിധാനങ്ങളിലെ അഴിമതി ചെറുക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ വേണമെന്നും ഡൽഹി സംഭവം അടിവരയിട്ടു പറയുന്നു.
ജഡ്ജിമാർക്കു പ്രത്യേക പരിരക്ഷ എല്ലാക്കാര്യത്തിലുമുള്ളത് അഴിമതി വളരാൻ കാരണമായിട്ടുണ്ട്. ഒരു ജഡ്ജിക്കെതിരേ അഴിമതിയുടെ സൂചനകൾ ലഭിച്ചാലും പോലീസോ സർക്കാരോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കാറില്ല; പേടിയാണ്. അതുകൊണ്ടു മാത്രം രക്ഷപ്പെട്ട നിരവധി ന്യായാധിപന്മാരുണ്ട്. അവർക്കു ഭരിക്കുന്നവരുമായി ബന്ധമുണ്ടെങ്കിൽ ഇരട്ടി പരിരക്ഷയാണ്. പിടിക്കപ്പെട്ടാൽ രാജിവയ്ക്കുകയോ അല്ലെങ്കിൽ പാർലമെന്റ് ഇംപീച്ച് ചെയ്യുകയോ വേണം. ഇതു പലപ്പോഴും പ്രായോഗികമല്ല.
അലാഹാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.എന്‍. ശുക്ല 2014നും 2019നും ഇടയിൽ കുടുംബാംഗങ്ങളുടെ പേരിൽ അനധികൃത സ്വത്ത് സന്പാദിച്ചതിനു സിബിഐ കേസുകളെടുത്തിരുന്നു. ലക്നൗ ജിസിആര്‍ജി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കേസിൽ വിധി തിരുത്താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിയെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹം രാജിവയ്ക്കാൻ തയാറായില്ല.
ശുക്ലയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരിക്കെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ സുപ്രീംകോടതി മുന്‍ ജഡ്ജി വി. രാമസ്വാമിക്കെതിരേ 1993ൽ കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തിൽനിന്നു വിട്ടുനിന്ന് അദ്ദേഹത്തെ രക്ഷിച്ചത് നരസിംഹറാവു സർക്കാരിന്റെ കാലത്ത് കോൺഗ്രസും സഖ്യകക്ഷികളുമാണ്.
കോൽക്കത്ത ഹൈക്കോടതിയിലെ മുൻ ജഡ്ജി സൗമിത്ര സെന്നിനെതിരേ ഇംപീച്ച്മെന്റിന് 2011ൽ മൻമോഹൻ സിംഗ് സർക്കാർ ഒരുങ്ങിയെങ്കിലും തൊട്ടുമുന്‍പ് അദ്ദേഹം രാജിവച്ചു. ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം. ഖുദ്സി, കര്‍ണാടക മുന്‍ ചീഫ് ജസ്റ്റീസ് പി.ഡി. ദിനകര്‍ തുടങ്ങി പലരും പഴുതുകളുണ്ടായിട്ടും അഴിമതിക്കേസിൽ കുടുങ്ങിയവരാണ്.
ആൺമയിലിന്റെ കണ്ണീർ കുടിച്ചാണ് മയിൽ ഗർഭിണിയാകുന്നതെന്നും പശുവിനെ കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്നുമൊക്കെ പറയുന്നത് ഈ രാജ്യത്തെ ജഡ്ജിമാരാണ്. വർഗീയ പരാമർശങ്ങളും ന്യൂനപക്ഷ വിരുദ്ധതയും തുടർച്ചയായി നടത്തുന്ന അലാഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവിനെപ്പോലെയുള്ളവരുമുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് കഴിഞ്ഞവർഷം അദ്ദേഹം ഏറ്റവും പുതിയ വിദ്വേഷപ്രസംഗം നടത്തിയത്. ജഡ്ജിയെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി രംഗത്തു വരികയും ചെയ്തു. ബാക്കി കാത്തിരുന്നു കാണാം. ജസ്റ്റീസ് യശ്വന്ത് വർമ കുറ്റവാളിയാണോയെന്ന് സുപ്രീംകോടതി കണ്ടുപിടിക്കട്ടെ. അതുവരെ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ, ആളില്ലാ നേരത്ത് വീടിനു തീപിടിച്ചാൽ ചില ന്യായാധിപരെങ്കിലും കുടുങ്ങിയേക്കും.
കുടുങ്ങിയാലും കുറ്റം തെളിഞ്ഞാലും രാജിവയ്ക്കുമോ ഇംപീച്ച് ചെയ്യുമോ എന്നൊന്നും ആർക്കുമറിയില്ല. അതു ജുഡീഷറിയുടെ സുതാര്യതയെ മാത്രം ആശ്രയിക്കുന്ന കാര്യമല്ല, പ്രതിയുടെ രാഷ്ട്രീയത്തെയും ആശ്രയിക്കുന്നതാണ്.