കുമരകത്തും കർഷകരെ ചവിട്ടിമെതിച്ചു
Tuesday, March 18, 2025 12:00 AM IST
ഒരു നെല്ലുസംഭരണം പോലും നേരേചൊവ്വേ നടത്താൻ കെൽപ്പില്ലാത്ത ഈ സർക്കാർ
എന്തു കാർഷികവിപ്ലവം നടത്തുമെന്നാണ് കേരളം പ്രതീക്ഷിക്കേണ്ടത്?
കൊയ്തുകൂട്ടിയ നെല്ലു സംഭരിക്കാതെ കർഷകരെ ഗതികേടിലാക്കിയവർ ഒടുവിൽ കാര്യം സാധിച്ചു. സർക്കാരും മില്ലുടമകളും കൃഷിവകുപ്പുദ്യോഗസ്ഥരുമൊക്കെ എതിർപക്ഷത്തു നിലയുറപ്പിച്ചതോടെ നിസഹായരായ കർഷകർ പലയിടത്തും മില്ലുകാർ ആവശ്യപ്പെട്ട കിഴിവു നൽകാൻ നിർബന്ധിതരായി.
എന്നിട്ടാണ്, കുട്ടനാട് ജെ-ബ്ലോക്കിലെ സംഭരണ പ്രതിസന്ധി പരിഹരിച്ചെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് ഒരുളുപ്പുമില്ലാതെ തട്ടിവിട്ടത്. കർഷകരെ മില്ലുടമകൾക്ക് അടിയറ വയ്പിച്ചിട്ടാണ് ഈ നുണ. നെല്ല് സംഭരണം വൈകിച്ചെന്ന പ്രതിപക്ഷ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അനൂപ് ജേക്കബ് എംഎൽഎയ്ക്കു മറുപടിയായി മന്ത്രി ജി.ആർ. അനിൽ നിയമസഭയിലും പറഞ്ഞു.
രണ്ടാഴ്ചയായി നെൽക്കൂനകൾക്കരികിൽനിന്നു മാറാതെ പ്രതിഷേധത്തിലായിരുന്ന കർഷകരെ പരിഹസിക്കുകയാണു മന്ത്രി. കുമരകം ജെ-ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തെ നെല്ല് സംഭരിക്കുന്നതിലായിരുന്നു പ്രധാന തർക്കം. 1,800 ഏക്കറിലെ നൂറുകണക്കിനു നെൽക്കർഷകർ രണ്ടാഴ്ചയായി പ്രതിഷേധത്തിലാണ്. വർഷത്തിൽ ഒരു കൃഷി മാത്രം നടത്തി മേന്മയേറിയ നെല്ല് ഉത്പാദിപ്പിക്കുന്നവരാണ് അതിനു കിഴിവില്ലാതെ സംഭരിക്കണമെന്നാവശ്യപ്പെട്ടത്.
ഇക്കാലമത്രയും അങ്ങനെയായിരുന്നെങ്കിലും ഇത്തവണ മില്ലുടമകൾ കിഴിവ് വേണമെന്ന വാശിയിലായിരുന്നു. ഇത്രയും നല്ല നെല്ലിന് ഒരു കിഴിവും നൽകേണ്ടതില്ലെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസറും ആണയിട്ടു പറഞ്ഞു. പക്ഷേ, പിന്നീട് അദ്ദേഹവും മലക്കം മറിഞ്ഞു. കൃഷിവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ജില്ലാ ഭരണകൂടവുമൊക്കെ മില്ലുകാരുടെ പിന്നിൽ അണിനിരന്ന അനുഭവമാണ് കർഷകർക്കുണ്ടായത്.
ആരും സഹായിക്കില്ലെന്ന തോന്നലുണ്ടായതോടെ ഏതാനും പേർ ക്വിന്റലിനു രണ്ടു കിലോ കിഴിവു നൽകാമെന്നു സമ്മതിച്ചു. മഴയും പെയ്തുതുടങ്ങിയതോടെ മറ്റു കർഷകർക്കും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായി. അങ്ങനെ മില്ലുകാരുടെ ചൂഷണത്തിന് കീഴടങ്ങാൻ സർക്കാർ കർഷകരെ ഒരുക്കി. എന്നിട്ടാണ് പ്രശ്നം പരിഹരിച്ചെന്നും സർക്കാർ കർഷകരുടെ പക്ഷത്താണെന്നും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നുമൊക്കെ നിയമസഭയിലും പുറത്തും പറഞ്ഞുപരത്തുന്നത്.
മറ്റെല്ലാ കാര്യത്തിലുമെന്നപോലെ കേന്ദ്രം കാശു തന്നില്ലെന്ന കുറിപ്പടിയും ചേർത്തുവച്ചിട്ടുണ്ട്. ഇതു പറയാനാണോ ജനങ്ങൾ ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന ചോദ്യം ബാക്കി. കുട്ടനാടെന്നോ പാലക്കാടെന്നോ വ്യത്യാസമില്ല, കൊയ്ത നെല്ലു സംഭരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി വർഷങ്ങളായി ഒരേ രീതിയിൽ തുടരുകയാണെങ്കിലും ഇതുവരെ പരിഹരിക്കാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടില്ല.
കൊയ്ത്ത് തുടങ്ങിയാലും കൈയും കെട്ടിയിരിക്കുന്ന സർക്കാർ, മെതിച്ചുകൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ പരിസരത്തുവച്ച് മില്ലുടമകളുമായി തർക്കത്തിനും വിലപേശലിനും കർഷകരെ വിട്ടുകൊടുക്കുകയാണ്. തീരുമാനം വൈകുന്ന ഓരോ ദിവസവും നെൽക്കൂനകൾ ഇളക്കിക്കൂട്ടാൻ ആയിരങ്ങൾ മുടക്കണം. മഴ പെയ്താൽ നെല്ല് മുളച്ചുതുടങ്ങുമെന്ന ആധി വേറെ.
ഒടുവിൽ മാസങ്ങളുടെ അധ്വാനഫലം പറയുന്ന വിലയ്ക്കു വിട്ടുകൊടുക്കാൻ കർഷകർ നിർബന്ധിതരാകും. സർക്കാരും മില്ലുടമകളും ഉദ്യോഗസ്ഥരും ചേർന്നുള്ള ഈ കൂട്ടുകൃഷി കേരളത്തിലെ നെൽപ്പാടങ്ങളെ തരിശുനിലങ്ങളാക്കാൻ ഇനി ഏറെസമയം വേണ്ടിവരില്ല. പച്ചക്കറിക്കും പഴങ്ങൾക്കും പലചരക്കിനും പിന്നാലെ അല്പമെങ്കിലും സ്വയംപര്യാപ്തതയിലുള്ള അരിക്കും കേരളം ഇതര സംസ്ഥാനങ്ങളെ പൂർണമായും ആശ്രയിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.
2022ല്‍ രണ്ട് സീസണുകളിലായി 7.31 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചത് 2023ൽ 5.59 ലക്ഷം ടണ്ണായി കുറഞ്ഞു. 2023ൽ 23.5 ശതമാനം കുറവാണ് സപ്ലൈകോ അധികൃതര്‍തന്നെ വ്യക്തമാക്കിയത്. വിതയ്ക്കുന്നതു മുതൽ കർഷകനു യാതനയാണ്. മിക്കവർക്കും കടമൊഴിഞ്ഞ നേരമില്ല. വളത്തിനും കീടനാശിനിക്കും വില കൂടി. പണിക്കാരെ കിട്ടാനില്ല, കൂലിയും കൂടി.
ഒരിടത്തും സമയത്ത് കൊയ്ത്തുയന്ത്രം കിട്ടാറില്ല. സംഭരിച്ച നെല്ലിന്റെ പണം അടുത്ത വിതക്കാലത്തുപോലും കിട്ടുമെന്ന് ഉറപ്പില്ല. വർഷങ്ങളായി നെല്ലുവില വർധിപ്പിച്ചിട്ടുമില്ല. കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പണം അനുവദിക്കുന്പോൾ കൊട്ടിഘോഷിക്കേണ്ടിവരുന്നതും വലിയ വാർത്തയാകുന്നതും അത് യഥാസമയം കൊടുക്കാത്തതുകൊണ്ടാണ്. കൃഷിയെ സ്നേഹിക്കുന്നവരും മറ്റു പണിയൊന്നും അറിയില്ലാത്തവരും നിലം തരിശിടാൻ മടിക്കുന്നവരുമൊക്കെയാണ് ഇന്നും കടമെടുത്തും നെൽകൃഷി നടത്തുന്നത്.
അവരോടും പാടത്തുനിന്നു കയറിപ്പോകാനാണോ കുമരകം നാടകത്തിന്റെ സന്ദേശം? ഒരു നെല്ലുസംഭരണംപോലും നേരേചൊവ്വേ നടത്താൻ കെൽപ്പില്ലാത്ത ഈ സർക്കാർ എന്തു കാർഷികവിപ്ലവം നടത്തുമെന്നാണ് കേരളം പ്രതീക്ഷിക്കേണ്ടത്?