ഈ മതനിയമത്തിനെതിരേ രാജ്യം ഒന്നിക്കണം
Wednesday, March 19, 2025 12:00 AM IST
വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
വഖഫ് പാവമാണെന്നും മുനന്പത്തെ ജനങ്ങൾ പേടിക്കേണ്ടെന്നും പറഞ്ഞവർ മാളങ്ങളിൽനിന്നു പുറത്തിറങ്ങണം. വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ ഈ രാജ്യത്തെ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
വഖഫ് വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നു വ്യക്തമാക്കിക്കൊണ്ട്, മുനന്പം കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. ഈ ശരിയത്ത് നിയമത്തിന്റെ പ്രാകൃത വകുപ്പുകളെ സംരക്ഷിക്കാൻ പാർലമെന്റിൽ പൊരുതുന്നവർ ഇനിയെങ്കിലും തിരുത്തണം.
നിങ്ങൾ, കേരളത്തിലെ മതേതതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. അസഹനീയമായിരിക്കുന്നു ഈ മതപ്രീണന രാഷ്ട്രീയം. മുനന്പത്ത് ഉടമകൾക്കു റവന്യു അവകാശമുണ്ടായിരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചതിനെത്തുടർന്നുള്ള തർക്കങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വഖഫ് സംരക്ഷണ വേദി എന്നൊരു സംഘടന നൽകിയ ഹർജിയിലാണ്, കമ്മീഷന്റെ നിയമനം നിയമപരമല്ലെന്നും സർക്കാർ യാന്ത്രികമായാണു പ്രവർത്തിച്ചതെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് വിധിച്ചത്. ഇതിനെതിരേ അപ്പീൽ കൊടുത്താൽ മറിച്ചൊരു വിധിയുണ്ടായേക്കാമെന്നു സർക്കാരും നിയമജ്ഞരിൽ ചിലരും കരുതുന്നുണ്ട്. അതെന്തുമാകട്ടെ.
പക്ഷേ, മുനന്പം കേസ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയത്. അതായത്, വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും അധികാരത്തിനുമേൽ ഹൈക്കോടതിക്കു വരെ പരിമിതികളുണ്ട്.
രാമചന്ദ്രൻ കമ്മീഷൻ എന്തു തീരുമാനിച്ചാലും സർക്കാരിനു കുറച്ചു വിവരങ്ങൾ ലഭിക്കുമെന്നും മുനന്പം വിഷയം നീട്ടിക്കൊണ്ടു പോകാമെന്നുമല്ലാതെ പ്രയോജനമൊന്നുമില്ല. വഖഫ് നിയമത്തിന്റെ ഈ അപ്രമാദിത്വം അതിനെ എതിർക്കുന്നവർ നിരന്തരം ചൂണ്ടിക്കാണിച്ചതാണ്.
ഈ കൈയേറ്റ അധികാരം വഖഫ് സംവിധാനങ്ങൾക്കു കൊടുത്തത്, 1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദമാണ്. അതനുസരിച്ച്, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റസാധ്യത ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അതോടെ മുനന്പത്തെ ഭൂമിയുടമകൾ വഖഫ് ട്രൈബ്യൂണലിന്റെ കരുണ യാചിക്കുന്നവരായി.
വില്ലേജ് ഓഫീസിൽ കരമടയ്ക്കുന്നതു വിലക്കി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച് കുടുംബങ്ങൾക്ക് കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. സർക്കാർ അറിയാതെയാണോ ഈ നിലപാടുമാറ്റം? അതോടെ മുനന്പം നിവാസികൾക്ക് ഭൂമിക്കു മേലുള്ള റവന്യു അവകാശങ്ങൾ വീണ്ടും നിഷേധിക്കപ്പെട്ടു.
അതായത്, എല്ലാ നിയമാനുസൃത രേഖകളും കൈവശം വച്ചുകൊണ്ട് അവർ വഖഫിന്റെ ഇരകളായി. ഇപ്പോൾ രാമചന്ദ്രൻ കമ്മീഷനെതിരേ കോടതിയെ സമീപിച്ച വഖഫ് സംരക്ഷണ വേദിയാണ് അന്നും കോടതിയിലെത്തിയത്.
ഈ വഖഫ് നിയമം ഇല്ലായിരുന്നെങ്കിൽ ശരിയത്ത് ഭരണവ്യവസ്ഥയിലെന്നപോലെ മുനന്പത്തെ അറുനൂറോളം കുടുംബങ്ങളുടെ ഭൂമിക്കുമേൽ ഏകപക്ഷീയമായി അവകാശം ഉന്നയിക്കാൻ വഖഫ് ബോർഡിനു കഴിയുമായിരുന്നില്ല.
ഈ നിയമം ഇല്ലായിരുന്നെങ്കിൽ വഖഫ് ബോർഡിന് തോന്നിയാലെന്നല്ല, രേഖകൾ ഉണ്ടെങ്കിൽപോലും അതിനു നിയമസാധുതയുണ്ടാക്കാൻ കോടതിയെ സമീപിക്കേണ്ടിവരുമായിരുന്നു. ഈ നിയമം ഇല്ലായിരുന്നെങ്കിൽ മുനന്പത്തെ ജനങ്ങളുടെ കരമടയ്ക്കുന്നത് ഉൾപ്പെടെയുള്ള റവന്യു അവകാശങ്ങൾ തടയാൻ ഒരു വില്ലേജ് ഉദ്യോഗസ്ഥനും ധൈര്യപ്പെടില്ലായിരുന്നു.
ഈ നിയമം ഇല്ലായിരുന്നെങ്കിൽ, ഭൂമി തങ്ങളുടേതാണെന്നു സ്ഥാപിക്കാൻ കൈയേറ്റക്കാരായ വഖഫ് ബോർഡിനു പകരം, ഉടമകളായ മുനന്പംകാർക്ക് കോടതി കയറേണ്ടിവരില്ലായിരുന്നു. ഈ നിയമം ഇല്ലായിരുന്നെങ്കിൽ വഖഫ് സംരക്ഷണവേദി പോലുള്ള തട്ടിക്കൂട്ട് പ്രസ്ഥാനങ്ങൾ ഇത്തരമൊരാവശ്യത്തിനുവേണ്ടി കോടതിയിലെത്തുമായിരുന്നില്ല.
ഈ നിയമം ഇല്ലായിരുന്നെങ്കിൽ പല സംസ്ഥാനങ്ങളിലും മുനന്പം മാതൃകയിൽ വഖഫ് കൈയേറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇതിനാലാണ് വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് മതേതര ഇന്ത്യ ആവശ്യപ്പെടുന്നത്.
അതേസമയം, നിയമ ഭേദഗതിയിലൂടെ രാജ്യത്തെവിടെയും ഭൂമിയും സ്വത്തും തട്ടിയെടുക്കാനുള്ള പ്രത്യേകാവകാശം വഖഫ് ബോർഡിനു നഷ്ടപ്പെടുമെങ്കിലും, അതിനു മുൻകാല പ്രാബല്യമില്ലെങ്കിൽ മുനന്പത്തിനു നീതി ലഭിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്രസർക്കാർ വസ്തുതകൾ നിരത്തി പറയുകയും വേണം.
വഖഫിന്റെ പേരിൽ അടിമുടി കാപട്യമാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ കാണിച്ചിട്ടുള്ളത്. ഇരുകൂട്ടർക്കും പങ്കാളിത്തമുള്ള വഖഫ് ബോർഡിന്റെ നാടകങ്ങൾ വിജയിപ്പിച്ചത് അവരാണ്. ഫാറൂഖ് കോളജിനെ തള്ളി, മുനന്പത്തെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ടത് ബോർഡാണ്.
2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷനെക്കൊണ്ട് അത് എഴുതിക്കുകയും ചെയ്തു. സ്ഥലം വഖഫിന്റേതാണെന്നു ബോര്ഡ് 24-06-2009ല് പുറപ്പെടുവിച്ച ഉത്തരവും സിഇഒ കമ്മീഷന് മുമ്പാകെ ഹാജരാക്കി. 2010 മേയ് മൂന്നിന് കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. 1995ലെ വഖഫ് നിയമമാണ് ഇതൊക്കെ സാധ്യമാക്കിയത്.
ഇതിന്റെയൊക്കെ അണിയറപ്രവർത്തകരാണ് ഒരേസമയം, മുനന്പത്തെ ജനങ്ങൾക്കൊപ്പമാണെന്നു പറയുകയും വഖഫ് നിയമം സംരക്ഷിക്കാൻ പാഞ്ഞുനടക്കുകയും ചെയ്യുന്നത്. നിയമ ഭേദഗതിക്കെതിരേ മുസ്ലിം വ്യക്തിനിയമ ബോർഡും മതമൗലികവാദ സംഘടനകളുമൊക്കെ പ്രതിഷേധിക്കുന്നതു മനസിലാക്കാം.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടികൾ ആ വേഷം കെട്ടിയാൽ തിരിച്ചടി മുനന്പത്ത് ഒതുങ്ങുമെന്നു തെറ്റിദ്ധരിക്കരുത്. ഇടതു-വലതു പക്ഷങ്ങൾക്കു സ്വാധീനമുള്ള വഖഫ് ബോർഡ്, വഖഫ് നിയമത്തിന്റെ പരിരക്ഷയിൽ നടത്തുന്ന അവകാശവാദങ്ങൾ നിരുപാധികം കൈയൊഴിയുകയാണു വേണ്ടത്.
ഇസ്ലാമിക മതനിയമമായ ശരിയത്തിനു കീഴിലുള്ള ദാനനിയമസംഹിതയാണ് സാറേ വഖഫ്. അതുപയോഗിച്ചു ജനങ്ങളെ ഭയപ്പെടുത്തുകയും തെരുവിലിറക്കുകയും ചെയ്യുന്നവർ ‘ഇസ്ലാമോ ഫോബിയ’ എന്നു വിളിച്ചുകൂവിയിട്ടെന്തു കാര്യം.