ചാക്കോമാഷല്ല, ജോൺസാറാകാം
Monday, March 17, 2025 12:00 AM IST
വിദ്യാർഥിയുടെ നന്മയോർത്ത് വടിയെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്, മയക്കുമരുന്നും മാരകായുധവുമായി നടക്കുന്നൊരു കൗമാരക്കാരനെ കാണുന്നത്ര ഹൃദയഭേദകമാണ്.
ചാക്കോമാഷിനെ എല്ലാവർക്കുമറിയാം. ‘സ്ഫടികം’ സിനിമയിലെ ആ കണക്കധ്യാപകന്റെ അപക്വമായ വാക്കുകളും പെരുമാറ്റവും ശിക്ഷാരീതിയും സ്വന്തം വിദ്യാർഥികൂടിയായ മകന്റെ ഭാവി നശിപ്പിച്ചതു കേരളം കണ്ടിട്ടുണ്ട്. പക്ഷേ, അപൂർവമായെങ്കിലും വിദ്യാർഥികളെ തല്ലിയാൽ തനിച്ചിരുന്നു തേങ്ങിയിരുന്ന ജോൺസാറിനെ അദ്ദേഹം പഠിപ്പിച്ചവർക്കേ അറിയാവൂ.
രണ്ടു ധ്രുവങ്ങളിലുള്ള ഈ അധ്യാപകരെ നിരീക്ഷിച്ചാൽ, വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ചെറിയൊരു ചൂരൽ കരുതട്ടെയെന്ന, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി പരാമർശത്തിന്റെ പൊരുളറിയാം. മനുഷ്യാവകാശത്തിന്റെയും ബാലാവകാശത്തിന്റെയും പേരിൽ ശിക്ഷണങ്ങളെ പടിയിറക്കിയതിനു പിന്നാലെ, പള്ളിക്കൂടങ്ങളിലുൾപ്പെടെ പടികയറിയെത്തിയ അച്ചടക്കരാഹത്യത്തിന്റെയും അക്രമാസക്തിയുടെയും ലഹരിവ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കേരളം ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
ആറാം ക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. “സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരേയുള്ള പരാതികളിൽ കേസെടുക്കുന്നതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണം. അധ്യാപകരാണ് ഭാവി തലമുറയെ വാർത്തെടുക്കേണ്ടത്. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറിയൊരു ശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കും.
ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുകയാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാക്കാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു. ഇന്ന്, അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കാണാൻ കഴിയുന്നത്. ഈ രീതി ഇനി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. പ്രാഥമികാന്വേഷണഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യുകയുമരുത്.”
അവ്യക്തത ഒട്ടുമില്ലാത്ത നിരീക്ഷണമാണ് ഹൈക്കോടതിയുടേത്. പലർക്കുമുണ്ടാകുന്ന സംശയം ചില അധ്യാപകരെങ്കിലും തന്റെ സ്വഭാവ വൈകല്യവും രോഷവും തീർക്കാൻ ശിക്ഷണത്തെ മാറ്റാറില്ലേ എന്നതാണ്. ഉണ്ട്, മൂല്യങ്ങളും ഗുരുസ്ഥാനീയതയും എന്താണെന്ന് അറിയാത്തവരുണ്ട്. ശന്പളത്തിനുവേണ്ടി മാത്രം ജോലി ചെയ്യുന്നവരും തിന്മകളോടു സന്ധി ചെയ്യുന്നവരുമൊക്കെയുണ്ട്. പക്ഷേ, കുട്ടികളിലൊരാൾക്കെങ്കിലും കാലിടറിയാൽ നെഞ്ചു പിടയുന്നവരാണ് ഇന്നും അധ്യാപകരിലേറെയും.
രണ്ട് ഉപമകൾ പറയാം. മലയാളത്തിന്റെ അഭിനയപ്രതിഭ തിലകൻ അനശ്വരമാക്കിയ കഥാപാത്രമാണ് ഭദ്രന്റെ ‘സ്ഫടികം’ സിനിമയിലെ ചാക്കോമാഷ്. വിദ്യാർഥിയുടെ പ്രതിഭ തിരിച്ചറിയാത്ത ആ കണക്കധ്യാപകൻ എല്ലാറ്റിനെയും കണക്കുകൊണ്ട് അളന്നു. ശിക്ഷാവൈകല്യത്തിലൂടെയും കുട്ടികൾക്കിടയിലെ താരതമ്യങ്ങളിലൂടെയും സ്വന്തം മകൻ തോമസ് ചാക്കോയെ അദ്ദേഹം, വില്ലനായ ‘ആടു തോമാ’യാക്കി മാറ്റിയതാണ് കഥ. ഒരധ്യാപകനും പിതാവും എന്താകരുതെന്നു കേരളത്തെ ഇത്ര സ്ഫടികവ്യക്തതയോടെ പഠിപ്പിച്ച മറ്റൊരു സിനിമയില്ല.
ഇനി സിനിമയിലല്ലാത്ത മറ്റൊരധ്യാപകനെക്കുറിച്ചു പറയാം. 1960-80കളിൽ കോട്ടയം, അതിരന്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു കളരിക്കൽ ജോൺ. പഠിപ്പിക്കുന്നതിനിടെ ആരെങ്കിലും ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുകയോ അച്ചടക്കമില്ലാതെ പ്രവർത്തിക്കുകയോ ചെയ്താൽ അദ്ദേഹം ആ വിദ്യാർഥി ഇരിക്കുന്നിടത്തെത്തി ചൂരലിനോ കൈയിലിരിക്കുന്ന പുസ്തകത്തിനോ ഒരടി വച്ചുകൊടുക്കും. തുടർന്ന് അപൂർവമായൊരു കാഴ്ചയാണ്.
അധ്യാപനം നിർത്തി കസേരയിൽ മുഖം പൊത്തിയിരിക്കുന്ന സാറിനെയാണ് പിന്നെ കുട്ടികൾ കാണുന്നത്. അല്പം കഴിഞ്ഞ് തുവാലയെടുത്ത് അദ്ദേഹം കണ്ണു തുടയ്ക്കും. അപ്പോഴേക്കും കുട്ടികളെല്ലാം സങ്കടംകൊണ്ടു മിണ്ടാനാകാത്ത അവസ്ഥയിലായിരിക്കും. പലരും തല കുന്പിട്ടിരിക്കുകയായിരിക്കും. മിനിറ്റുകൾക്കുശേഷം ക്ലാസ് തുടരുന്ന ജോൺസാറിന്റെ കൈയിൽനിന്നു രണ്ടാമതൊരിക്കൽ തല്ലു വാങ്ങേണ്ടിവന്ന ആരുമുണ്ടായിരുന്നില്ല. തല്ലുകൊണ്ട വിദ്യാർഥിയെ പിന്നീടു കാണുന്പോൾ അദ്ദേഹം തോളിൽ കൈവച്ച് ചേർത്തുനിർത്തുന്നതും പതിവായിരുന്നു. ജോൺസാർ മരിച്ചിട്ടു വർഷങ്ങളായി. പക്ഷേ, അദ്ദേഹത്തെപ്പോലെ തേങ്ങിക്കരയുന്നില്ലെങ്കിലും വിദ്യാർഥികളെ ശിക്ഷിക്കുന്നതിൽ സന്തോഷിക്കുന്ന ഒരധ്യാപകനുമില്ലെന്നുള്ളതാണ് യാഥാർഥ്യം. അല്ലാത്തവരുണ്ടെങ്കിൽ ശിക്ഷിക്കാൻ കോടതിമുറിയിൽ നിയമത്തിന്റെ ചൂരലുണ്ടല്ലോ.
കോടതിയുടെ പരാമർശം ഒരു വടിയെക്കുറിച്ചു മാത്രമല്ലെന്നും മാതൃകാപരമായി ശിക്ഷിച്ചും ശാസിച്ചും നേർവഴിക്കു നടത്താനുള്ള അധ്യാപകന്റെ അധികാരത്തെക്കുറിച്ചാണെന്നുകൂടി തിരിച്ചറിയണം. അവർ സത്യത്തിൽ ഭയന്നു മാറുകയാണ്. മക്കളെ തൊട്ടെന്നറിഞ്ഞാൽ കാര്യമറിയാതെ പാഞ്ഞെത്തി അധ്യാപകനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. അവരിൽ പലർക്കുമുള്ള ശിക്ഷ, മക്കൾതന്നെ താമസിയാതെ കൊടുത്തിട്ടുമുണ്ട്.
അധ്യാപകരും മാതാപിതാക്കളും മാത്രമല്ല, പണ്ടൊക്കെ ഒരു കുട്ടി തെറ്റു ചെയ്യുന്നതു കണ്ടാൽ അയൽക്കാരോ നാട്ടുകാരോ പോലും ഇടപെടാറുണ്ടായിരുന്നു. ഇപ്പോൾ പേടിച്ചിട്ട് കണ്ണടയ്ക്കുകയേ ഉള്ളൂ. ബസ് സ്റ്റാൻഡിലും പൊതുവഴിയിലും പരസ്പരം ഏറ്റുമുട്ടുന്ന കുട്ടികളെ തടയാൻപോലും ആരുമില്ല. രാഷ്ട്രീയക്കാരെയും വിദ്യാർഥി സംഘടനകളെയും ഭയന്ന് പോലീസും നോക്കിയും കണ്ടുമാണ് ഇടപെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം പ്രതീക്ഷയുണർത്തുന്നത്.
അക്രമ-ലഹരി വേലിയേറ്റങ്ങളിൽ മുങ്ങിത്താഴുന്ന വിദ്യാർഥികളെ മരണസാഗരങ്ങളിൽനിന്നു വീണ്ടെടുക്കണം. ശിക്ഷിക്കുന്നിടത്ത് തീരരുത് അധ്യാപകന്റെ ശിക്ഷണം. ക്ലാസ് മുറിയിലും വരാന്തയിലും മൈതാനത്തും വിദ്യാർഥിക്കുമേൽ അധ്യാപകന്റെ കണ്ണുണ്ടാകണം. തല്ലുകൊണ്ടത് വിദ്യാർഥിയുടെ മനസിലല്ലെന്ന് ഉറപ്പാക്കണം.
വിരലിലെണ്ണാവുന്നവരാണ് ചാക്കോ മാഷുമാർ. മറ്റുള്ളവർ ജോൺസാറിനെപ്പോലെയാണ്. സ്വന്തം വിദ്യാർഥികളിലൊരാളെങ്കിലും ക്ലാസിൽ ശ്രദ്ധിക്കാതിരുന്നാൽ, ഒരാൾക്കെങ്കിലും മാർക്കിത്തിരി കുറഞ്ഞാൽ, ആരെങ്കിലും അധ്യാപകർക്കെതിരേ കൈ ഉയർത്തിയാൽ, മയക്കുമരുന്നിന് അടിമയായാൽ, സഹവിദ്യാർഥിയെ വളഞ്ഞിട്ടു തല്ലിയാൽ, റാഗിംഗിന്റെ പേരിൽ അറസ്റ്റിലായാൽ ഇടപെടാൻ ആഗ്രഹിക്കുന്നവർ! വിദ്യാർഥിയെ തല്ലുന്പോൾ സ്വന്തം ദേഹത്തു കൊള്ളുന്നവർ! അവരുടെ കൈയിൽ ചെറിയൊരു വടി കൊടുക്കാൻ ഇത്ര ആശങ്കപ്പെടേണ്ടതുണ്ടോ?
അക്രമരാഷ്ട്രീയവും സിനിമയും മയക്കുമരുന്നു മാഫിയയും മൊബൈൽഫോൺ അടിമത്തവും മതാപിതാക്കളുടെ ദുർമാതൃകയും താറുമാറാക്കിയ യൗവനത്തെ തിരിച്ചെത്തിക്കാനുള്ള മാന്ത്രികവടിയൊന്നുമാകില്ല അധ്യാപകന്റെ കൈയിലുള്ളത്. പക്ഷേ, വിവരദാതാവോ മാർക്കുത്പാദക യന്ത്രമോ ആക്കി തരംതാഴ്ത്തിയ അധ്യാപകരെ മോചിപ്പിച്ചാൽ കുറേപ്പേരെയെങ്കിലും നരകവാതിൽ കടക്കാതെ അവർ കാത്തുകൊള്ളും. വിദ്യാഭ്യാസ വിചക്ഷണർ ഉറങ്ങിയിടത്ത് കോടതി ഉണർന്നതുപോലെ തോന്നുന്നു.